
കണ്ണൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് നേരെ ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. കണ്ണൂര്‍ നഗരത്തിന് സമീപം
താണയിലും മട്ടന്നൂര്‍ എളമ്പാറയിലും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് പ്രതിഷേധക്കാര്‍ കരിങ്കൊടിയുമായി ചാടിവീണു. ഇരുസ്ഥലങ്ങളിലും പ്രതിഷേധക്കാരെ പൊലീസ് തടയുകയും ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു
താണയില്‍ സുരക്ഷാ വലയം ഭേദിച്ചാണ് പ്രവര്‍ത്തകര്‍ റോഡിലേക്ക് പാഞ്ഞടുത്തത്. യുവമോര്‍ച്ച കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് ഹേമന്ത് മാവിലക്കണ്ടിയുടെ നേതൃത്വത്തിലായിരുന്നു ഇവിടെ പ്രതിഷേധം അരങ്ങേറിയത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് തൊട്ടുമുന്നിലേക്ക് പ്രവര്‍ത്തകര്‍ ചാടിവീണതോടെ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് ഇവരെ ബലമായി നീക്കം ചെയ്ത് പൊലീസ് വാഹനത്തിലേക്ക്
മാറ്റുകയായിരുന്നു.
മട്ടന്നൂര്‍ എളമ്പാറയിലും സമാനമായ രീതിയില്‍ കരിങ്കൊടി പ്രതിഷേധം നടന്നു. ബിജെപി കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടിയുമായി പാഞ്ഞടുത്തത്. ഇവിടെയും അതിവേഗം ഇടപെട്ട പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി മുഖ്യമന്ത്രിയുടെ യാത്ര സുഗമമാക്കി. ജില്ലയിലെങ്ങും കനത്ത പൊലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് സമാനമായ രീതിയില്‍ പ്രത്യാക്രമണവുമായി ബിജെപിയും യുവമോര്‍ച്ചയും രംഗത്തെത്തിയത്.
















