കോഴിക്കോട്: അഴിമതിക്കെതിരെ സധൈര്യം വിസില്‍ മുഴക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാന വിജിലന്‍സ്
ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ അഴിമതിരഹിതവും സുതാര്യവുമായ കേരളം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തില്‍ യുവാക്കളുടെ പങ്കാളിത്തത്തോടെ ആരംഭിച്ച ‘പ്രോജക്ട് സീറോ’ വിജിലന്‍സ് കമാന്‍ഡോ പദ്ധതിയുടെ കോഴിക്കോട് റേഞ്ച്തല ഉദ്ഘാടനം വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം ക്യാമ്പസില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ നിന്ന് അഴിമതി പൂര്‍ണമായി തുടച്ചുനീക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അതിലേക്കുള്ള ഉറച്ച ചുവടുവെപ്പാണ് ‘പ്രോജക്ട് സീറോ’ പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാന്‍ പണം നല്‍കണമെന്ന ജനങ്ങള്‍ക്കിടയിലുള്ള തെറ്റായ ചിന്താഗതിക്ക് മാറ്റം വരേണ്ടതുണ്ടെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്നും അത് നേടിയെടുക്കാന്‍ കൈക്കൂലി നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പരിപാടിയോടനുബന്ധിച്ചുള്ള ക്യാമ്പയിന്‍ ബാഡ്ജ് വിതരണവും വീഡിയോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. സദസ്സിന് അഴിമതിക്കെതിരെയുള്ള പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ അഡ്വ. കെ.ജയന്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു. കളക്ടര്‍ എം.എസ്.മാധവിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. കവിയും എഴുത്തുകാരനുമായ സോമന്‍ കടലൂര്‍, സിനിമാതാരം നീരജ് മാധവ് എന്നിവര്‍ മുഖ്യാതിഥികളായി. ഡിജിപിയും വിജിലന്‍സ്
ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറുമായ മനോജ് എബ്രഹാം, സിറ്റി പോലീസ് കമ്മീഷണര്‍ എ.പി.ഷൗക്കത്തലി, എസ്പിമാരായ സി.എം.ദേവദാസ്, ബാലകൃഷ്ണന്‍ നായര്‍, ജെഡിടി ഇസ്ലാം ഓര്‍ഫണേജ് ആന്‍ഡ് എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്രസിഡന്റ് ഡോ. പി.സി.അന്‍വര്‍, സെക്രട്ടറി സി.എ.ഹാരിഫ് തുടങ്ങിയവര്‍ പങ്കെടുത്തു. അഴിമതിക്കെതിരെ യുവതലമുറയെ സജ്ജരാക്കുന്നതിന്റെ ഭാഗമായി വിജിലന്‍സ് മാനുവല്‍ പരിഷ്‌കരിക്കല്‍, ആഭ്യന്തര വിജിലന്‍സ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലന ശില്‍പശാലകള്‍, വിജിലന്‍സ് കമാന്‍ഡോകളുടെ വിന്യാസം, സുതാര്യതയും മര്യാദയും ഉറപ്പാക്കുന്ന ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങി വിപുലമായ പ്രവര്‍ത്തനങ്ങളാണ് പ്രോജക്ട് സീറോ വഴി നടപ്പിലാക്കുന്നത്. അഴിമതി ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി 1064 എന്ന ടോള്‍ ഫ്രീ നമ്പറും സജ്ജമാക്കിയിട്ടുണ്ട്. പദ്ധതിയുടെ പ്രചാരണാര്‍ഥം അഴിമതിക്കെതിരെ സന്ദേശമുയര്‍ത്തി ‘നേരിന്റെ ചുവടുകള്‍’ എന്ന പേരിലുള്ള നൃത്തശില്‍പവും ‘ജീവിതത്തിന് വിലങ്ങു തീര്‍ത്തവര്‍’ എന്ന നാടകവും അരങ്ങേറി. പദ്ധതിയുടെ ഭാഗമാകാന്‍ താല്പര്യമുള്ള യുവാക്കള്‍ക്ക് www.vigilance.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി വിജിലന്‍സ് കമാന്‍ഡോ ആയി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.















