കോഴിക്കോട്: പേവിഷബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെയും അനിമല്‍ ഡിസീസ് കണ്ട്രോള്‍ പ്രൊജക്റ്റിന്റെയും നേതൃത്വത്തില്‍
‘റാബീസ് ഫ്രീ കേരള’ വാക്സിനേഷന്‍ ക്യാമ്പയിന്റെ നാലാം ഘട്ടം സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 27 വരെ കോഴിക്കോട് ജില്ലയില്‍ നടക്കും. ലോക റാബീസ് ദിനമായ സെപ്റ്റംബര്‍ 28-ന് ക്യാമ്പയിന് തുടക്കമായി. ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വെറ്ററിനറി ആശുപത്രികള്‍, വെറ്ററിനറി ഡിസ്‌പെന്‍സറികള്‍, വാര്‍ഡ് തല ക്യാമ്പുകള്‍ എന്നിവ മുഖേന റാബീസ് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ‘പേവിഷബാധമുക്ത കോഴിക്കോട്’ എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ക്യാമ്പയിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ഓരോ പ്രദേശത്തിനും അനുയോജ്യമായ മൈക്രോപ്ലാന്‍ തയ്യാറാക്കി വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ക്യാമ്പയിന്റെ ഭാഗമായി വളര്‍ത്തുനായകള്‍ക്ക് യഥാസമയം പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നല്‍കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കും.















