വടകര: സ്വകാര്യവത്കരണ ശ്രമങ്ങളുടെ ഭാഗമായി വടകര തപാല്‍ ഡിവിഷന്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം
ശക്തമാകുന്നു. വടകരയില്‍ ദേശീയ തപാല്‍ സംഘടനയായ എഫ്എന്‍പിഒയുടെ നേതൃത്വത്തില്‍ ധര്‍ണ സംഘടിപ്പിച്ചു. സര്‍ക്കിള്‍ ട്രഷറര്‍ പി. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ അസിസ്റ്റന്റ് സെക്രട്ടറി സുബിന്‍ വത്സലന്‍, സെക്രട്ടറി എസ്.ഡി.ദീപ, സി.ആര്‍.കുഞ്ഞിമുഹമ്മദ്, പ്രബീഷ്.കെ.കെ എന്നിവര്‍ സംസാരിച്ചു. വടകര പോസ്റ്റല്‍ ഡിവിഷനില്‍ നിന്ന് കൊയിലാണ്ടി സബ് ഡിവിഷന്‍ മുറിച്ചു മാറ്റുകയും ദിനേന നൂറു കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിനെ
തരംതാഴത്താനുമാണ് ആദ്യ ഘട്ടത്തില്‍ നീക്കം. കൊയിലാണ്ടി സബ് ഡിവിഷന്‍ കൂടി ഇല്ലാതാവുന്നതോടെ ഏറെ വൈകാതെ വടകര ഡിവിഷന്‍ നിര്‍ത്തലാക്കാനുള്ള പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇത് നടപ്പിലാവുന്നതോടെ വടകരയിലെ തപാല്‍ ഓഫിസുകള്‍ അടച്ചു പൂട്ടി ഡിവിഷനെ കോഴിക്കോട്ടേക്ക് ലയിപ്പിക്കും. വടകര ആര്‍എംഎസ്, വടകര ബീച്ച് പോസ്റ്റ് ഓഫീസ് എന്നിവ ഇതിനകം അടച്ചു പൂട്ടിക്കഴിഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോവാനാണ് സംഘടനകളുടെ തീരുമാനം.















