
വടകര: സുന്നി മഹല്ല് ഫെഡറേഷന് സംസ്ഥാനതലത്തില്‍ നടപ്പിലാക്കുന്ന സ്മാര്‍ട്ട് ടീം പദ്ധതിക്ക് വടകരയില്‍ തുടക്കമായി. അഞ്ച് വീതം ആക്ടീവ് മെമ്പര്‍മാരെ തെരഞ്ഞെടുത്ത്
മഹല്ലുകളുടെ പുരോഗമനാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് പങ്കാളിത്തം വഹിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിവരുന്ന പദ്ധതിയാണിത്.
സ്മാര്‍ട്ട് പദ്ധതി വടകര മണ്ഡലം കണ്വെന്ഷന് ബുസ്താനുല്‍ ഉലൂം മദ്രസയില്‍ സുന്നി മഹല്ല് ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി മലയമ്മ അബൂബക്കര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം സ്മാര്‍ട്ട് ടീം ചെയര്‍മാനായി എന്‍.പി.ഹംസയെയും ഡയറക്ടര്‍മാരായി സഫീര്‍ ചാത്തോത്ത്, എം.പി കുഞ്ഞമ്മദ് കോട്ടയില്‍ ഓര്‍ക്കാട്ടേരി എന്നിവരെയും തെരഞ്ഞെടുത്തു. കണ്‍വെന്‍ഷനില്‍ ഹൈദ്രോസ് തുറാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.കെ. അസീസ് സ്വാഗതവും പി.സി. അസ്സന്‍കുട്ടി ഹാജി നന്ദിയും പറഞ്ഞു.
















