
വടകര: പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ പോലീസുകാരനെ ആയുധമുപയോഗിച്ച് ആക്രമിച്ച കേസിലും പതിനാറുകാരനെ മര്‍ദിച്ച കേസിലും
റിമാന്‍ഡിലായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മണിയൂര്‍ മുതുവന മലയില്‍ ബിജുല്‍ പ്രസാദിന് കോടതി ജാമ്യം അനുവദിച്ചു. തുടര്‍ന്ന് ഇയാള്‍ വടകര സബ് ജയിലില്‍നിന്ന് പുറത്തിറങ്ങി.
ലഹരി മാഫിയാ ആക്രമണത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ വടകര പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലായിരുന്നു സംഘര്‍ഷം. മാര്‍ച്ച് തടയാന്‍ സ്ഥാപിച്ച ബാരിക്കേഡിലെ കയര്‍ മുറിക്കുന്നത് തടയാന്‍ ശ്രമിച്ച സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജുവിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസിലാണ് ബിജുല്‍ പ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, മാരകായുധം ഉപയോഗിച്ച്
പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്. ഇതിനുപുറമെ, ഓണത്തലേന്ന് മേപ്പയില്‍ ജനതാ റോഡില്‍ കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന പതിനാറുകാരനെ വാഹനം തടഞ്ഞു തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ഈ കേസിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
സബ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ബിജുല്‍ പ്രസാദിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വരവേറ്റു.
















