കോഴിക്കോട്: ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം. ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇന്ന് (ശനി) 9,653 വീടുകള്‍ സന്ദര്‍ശിച്ച്
പ്രതിരോധ നടപടികള്‍ ഉറപ്പാക്കി. ജലജന്യരോഗങ്ങള്‍ തടയുന്നതിനായി 2,259 കിണറുകള്‍ ക്ലോറിനേഷനും 386 കുടിവെള്ള സ്രോതസ്സുകള്‍ സൂപ്പര്‍ ക്ലോറിനേഷനും നടത്തി. 60 സാമ്പിളുകള്‍ ക്ലോറോസ്‌കോപ്പ് ഉപയോഗിച്ച് പരിശോധിക്കുകയും 49 സാമ്പിളുകള്‍ ലാബ് പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ 168 അങ്കണവാടികളിലും 31 സ്‌കൂളുകളിലും പ്രത്യേക സന്ദര്‍ശനം നടത്തി. ഡെങ്കിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി 12,343 ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. എലിപ്പനി പ്രതിരോധത്തിനായുള്ള ഡോക്‌സിസൈക്ലിന്‍ പ്രതിരോധ ഗുളിക 611 പേര്‍ക്ക് നല്‍കുകയും വയറിളക്ക രോഗപ്രതിരോധത്തിനായി 203 ഒആര്‍എസ് പാക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 103 ആരോഗ്യ വിദ്യാഭ്യാസ ക്ലാസുകള്‍ സംഘടിപ്പിക്കുകയും 1,796 നോട്ടീസുകള്‍ വിതരണം ചെയ്യുകയും ചെയ്തു. 106 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടന്നു. അതിഥി തൊഴിലാളികളുടെ 19 വാസസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും 74 അതിഥി തൊഴിലാളികള്‍ക്ക് പകര്‍ച്ചവ്യാധി പരിശോധന നടത്തുകയും ചെയ്തു.















