കോഴിക്കോട്: സമൂഹത്തില്‍ മതസൗഹാര്‍ദവും പരസ്പര വിശ്വാസവും കൂടുതല്‍ ദൃഢമാക്കുന്നതിനും തെറ്റായ പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിനുമായി കളക്ടര്‍
എം.എസ്.മാധവിക്കുട്ടിയുടെ അധ്യക്ഷതയില്‍ മതസാമുദായിക സൗഹാര്‍ദ മൈത്രി യോഗം ചേര്‍ന്നു. വ്യക്തിപരമായ പ്രശ്‌നങ്ങളെ വര്‍ഗീയവല്‍ക്കരിക്കാനുള്ള നീക്കങ്ങളെ ഒത്തൊരുമിച്ച് പ്രതിരോധിക്കണമെന്ന് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. പ്രാദേശിക തലത്തില്‍ സമാധാനം ഉറപ്പാക്കാന്‍ ഗ്രാസ്‌റൂട്ട്തല സമാധാന സമിതികള്‍ അടിയന്തരമായി രൂപീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. തദ്ദേശീയ തലത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്, വില്ലേജ് ഓഫീസര്‍, അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് സമാധാന കോര്‍ കമ്മിറ്റികള്‍ രൂപീകരിക്കുന്നത്. പ്രാദേശികമായി ഉണ്ടാകുന്ന ചെറിയ തര്‍ക്കങ്ങള്‍ പോലും വലിയ ക്രമസമാധാന പ്രശ്‌നങ്ങളിലേക്ക് വഴിമാറാതിരിക്കാന്‍ കക്ഷിരാഷ്ട്രീയ-സാമുദായിക ഭേദമന്യേ തികഞ്ഞ നയചാതുര്യത്തോടെയും നിഷ്പക്ഷതയോടെയും ഇടപെടാന്‍ ഈ സമിതികളെ പ്രാപ്തമാക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള വ്യാജ പ്രചാരണങ്ങള്‍ക്കെതിരെയും സൈബര്‍ ഇടങ്ങളിലെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെയും ശക്തമായ നിയമ നടപടികള്‍
സ്വീകരിക്കുമെന്ന് സിറ്റി ഡിസിപി പദം സിംഗ് പറഞ്ഞു. ജില്ലയിലെ ക്രമസമാധാന പ്രശ്‌നങ്ങളില്‍ പോലീസ് നിഷ്പക്ഷമായി പ്രവര്‍ത്തിച്ച് കര്‍ശന നടപടി ഉറപ്പാക്കുമെന്ന് റൂറല്‍ എസ്പി മെറിന്‍ ജോസഫ് യോഗത്തില്‍ വ്യക്തമാക്കി. ജില്ലയുടെ സമാധാനാന്തരീക്ഷവും പരസ്പര വിശ്വാസവും തകരാതെ കാത്തുസൂക്ഷിക്കാന്‍ തങ്ങളുടെ പൂര്‍ണമായ പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് യോഗത്തില്‍ പങ്കെടുത്ത വിവിധ കക്ഷികളും മതനേതാക്കളും ഉറപ്പുനല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ പ്രമുഖ സാമൂഹിക-സാംസ്‌കാരികമതനേതാക്കള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പോലീസ്-റവന്യൂ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.















