
വടകര: കാഫിര്‍ സ്‌കീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വടകര
ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഉന്തുംതള്ളും. വൈകുന്നേരം പ്രകടനമായെത്തിയ 60 ഓളം പ്രവര്‍ത്തകരെ പോലീസ് ക്രൈംബ്രാഞ്ച് ഓഫീസിന് മുന്നില്‍ കയര്‍ കെട്ടി തടയുകയുണ്ടായി. പോലീസ് വലയം ഭേദിച്ച് മുന്നോട്ട് പോകാനുള്ള പ്രവര്‍ത്തകരുടെ ശ്രമം തടഞ്ഞതോടെ പോലീസുമായി ഏറെ നേരം ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. ഇതിനിടയില്‍ പോലീസിന്റ ഷീല്‍ഡ് പൊട്ടി. പ്രവര്‍ത്തകരെ തടയാന്‍
കുറച്ച് പോലീസ് മാത്രമെ ഉണ്ടായിരുന്നുള്ളു. മാര്‍ച്ചില്‍ നേതാക്കള്‍ സംസാരിച്ച് യോഗം പിരിച്ച് വിട്ട ശേഷവും പോലീസുമായി വാക്കേറ്റമുണ്ടായി. നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു. ലീഗിന്റ തിരക്കഥക്കനുസരിച്ച് സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളെ കേസില്‍ പ്രതി ചേര്‍ക്കുകയാണെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ ആരോപിച്ചു.
















