വടകര: ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ മറവില്‍ വടകര സ്വദേശിയായ ഡോക്ടറുടെ രണ്ടു കോടി പതിനെട്ടു ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ രണ്ടു പേരെ കോഴിക്കോട് റൂറല്‍ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പാണ്ടിക്കാട് തോണിക്കര മിന്‍ഹാജ് (24), മേലാറ്റൂര്‍ ചെട്യാംതൊടി മുഹമ്മദ് ഫാഹീം (23) എന്നിവരെയാണ് ജില്ലാപോലീസ് മേധാവി ഡോ.അരവിന്ദ്സുകുമാറിന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ പോലീസ്ഇന്‍സ്പെക്ടര്‍ വിനീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്ചെയ്തത്.
ഡോക്ടര്‍ക്ക് നഷ്ടമായ തുകയില്‍ അഞ്ചുലക്ഷം രൂപ ഉള്‍പ്പടെ ഏഴുലക്ഷത്തി എണ്‍പതിനായിരം രൂപയാണ് പ്രതിയായ മുഹമ്മദ്ഫാഹിമിന്റെ അക്കൗണ്ടിലേക്ക് എത്തിയിട്ടുള്ളത്. ഈ തുക പതിനായിരം രൂപ കമ്മീഷന് കൈപ്പറ്റി മറ്റൊരു പ്രതിയായ മിന്ഹാജിന് കൈമാറുകയായിരുന്നു. ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഈപ്രതികള്‍ ഓണ്‍ലൈന്‍ തട്ടിപ്പ്സംഘത്തിന് കേരളത്തിലെ ബാങ്ക്അക്കൗണ്ടുകള്‍ നല്‍കുകയും അതുവഴി വരുന്ന പണം പിന്‍വലിച്ച് മറ്റൊരു അക്കൗണ്ടിലൂടെ കൈമാറുകയുമാണ് ചെയ്യുന്നത്. സംസ്ഥാനത്തിന് പുറത്തുള്ള ഓണ്ലൈന്തട്ടിപ്പുകാര് ഇത്തരം അക്കൗണ്ടിലൂടെയാണ് പണം കൊള്ളയടിക്കുന്നത്.
ഷെയര്‍മാര്‍ക്കറ്റിലേക്ക് പണം നിക്ഷേപിച്ച് കൂടുതല്‍ തുക ലഭിക്കുമെന്ന് മോഹിപ്പിച്ചാണ് ഡോക്ടറെ ഇവര്‍ കബളിപ്പിച്ചത്. ഇതിനായി നൂറോളം പേരുടെ പ്രത്യേക വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങുന്നു. ഇതില്‍ തട്ടിപ്പുകാരനായ മിന്‍ഹാജ് മാത്രമേ ഉണ്ടാവൂ. മറ്റ് നമ്പറുകളൊക്കെ വ്യാജമായിരിക്കും. ആദ്യഘട്ടത്തില്‍ നിശ്ചിത തുക ലഭിക്കുന്നതോടെ ആകര്‍ഷിക്കപ്പെടുന്നവര്‍ കൂടുതല്‍ പണം നിക്ഷേപിക്കുകയും വലയിലാവുകയും ചെയ്യും. ഡോക്ടറുടെ ബാക്കി തുക മറ്റ് പല അക്കൗണ്ടുകളിലായാണ് ഉള്ളത്. ഇത്തരം തട്ടിപ്പിന് പിന്നില്‍ വന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്ക് പണമിടപാടിനായി ബാങ്ക്അക്കൗണ്ടുകള്‍ വാടകയ്ക്ക് നല്കുന്നവര് വ്യാപകമായിരിക്കുകയാണ്. ഇത്തരക്കാര്‍ക്കെതിരെ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്ത മിന്‍ഹാജിനെയും മുഹമ്മദ് ഫാഹിമിനെയും കോടതി രണ്ടാഴ്ച റിമാന്റ് ചെയ്തു.
സബ്ഇന്‍സ്പെക്ടര്‍ ടി.ബി.ഷൈജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.രൂപേഷ്, കെ.എം.വിജു, ലിനീഷ്, ഷഫീര്‍, ഷിബിന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.