കോഴിക്കോട്: ജില്ലയില്‍ കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലായുള്ള 2248 പോളിംഗ് ബൂത്തുകള്‍ വോട്ടിംഗ് യന്ത്രം ഉള്‍പ്പെടെ മുഴുവന്‍ സംവിധാനങ്ങളുമായി വോട്ടര്‍മാരെ വരവേല്‍ക്കാന്‍ പൂര്‍ണ സജ്ജമായി. പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള പോളിംഗ് ഉദ്യോഗസ്ഥരുടെ സംഘം വ്യാഴാഴ്ച രാത്രിയോടെ തന്നെ വിവിപാറ്റ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുമായി ബൂത്തുകളിലെത്തി.
രാവിലെ 5.30 ഓടെ സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ വോട്ടിംഗ് മെഷീന് പ്രവര്‍ത്തനസജ്ജമാണെന്ന് ഉറപ്പുവരുത്തുന്നതിനായി മോക്ക് പോള്‍ നടക്കും. വിവിപാറ്റ് വോട്ടിംഗ് യന്ത്രത്തില്‍ ചുരുങ്ങിയത് 50 വോട്ടുകള്‍ പോള്‍ ചെയ്യും. ഓരോ സ്ഥാനാര്‍ഥിക്കും ചെയ്യുന്ന വോട്ടുകള്‍ പ്രിസൈഡിംഗ് ഓഫീസര്‍ പ്രത്യേകമായി രേഖപ്പെടുത്തുകയും കണ്ട്രോള് യൂണിറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന വോട്ടുകളുമായും വിവിപാറ്റിലെ മോക് പോള്‍ സ്ലിപ്പുകളുമായും അത് ഒത്തുനോക്കി തുല്യമാണെന്ന് ഉറപ്പുവരുത്തുകയും വേണം.
തുടര്‍ന്ന് കണ്ട്രോള് യൂനിറ്റിലെ ക്ലിയര്‍ ബട്ടണ്‍ അമര്‍ത്തി മോക്ക് പോള്‍ ഡാറ്റ മായ്ച്ച് വോട്ടുകളുടെ എണ്ണം പൂജ്യം ആണെന്ന് ഉറപ്പാക്കി ഏജന്റുമാരെ ബോധ്യപ്പെടുത്തണം. ഇതിനു ശേഷം വോട്ടിംഗ് മെഷീന് വീണ്ടും സീല്‍ ചെയ്യും. തുടര്‍ന്നാണ് ഇവ പോളിംഗിനായി ഉപയോഗിക്കുക. വോട്ടെടുപ്പ് വേളയില്‍ ഏതെങ്കിലും വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയാണെങ്കില്‍ അവ മാറ്റി സ്ഥാപിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഇതിനായി ഓരോ നിയമസഭ മണ്ഡലങ്ങളിലെയും സ്ട്രോംഗ് റൂമുകളില്‍ ആകെ ഇവിഎമ്മുകളുടെ 20 ശതമാനവും വിവിപാറ്റിന്റെ 30 ശതമാനവും കരുതല്‍ യന്ത്രങ്ങളായി സൂക്ഷിക്കും. ആവശ്യമനുസരിച്ച് ഉപവരണാധികാരിയുടെ മേല്‍നോട്ടത്തിലാണ് വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റുക. എഞ്ചിനീയര്‍മാര്‍ പരിശോധിച്ച് വോട്ടിംഗ് യന്ത്രങ്ങളുടെ കേടുപാടുകള്‍ അപ്പോള്‍ തന്നെ തീര്‍ക്കാനാവില്ലെങ്കില്‍ മാത്രമാണ് പഴയത് മാറ്റി പുതിയത് ഉപയോഗിക്കുക.