വടകര: വടകരയില്‍ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനത്തില്‍ ഇന്‍കം ടാക്സ് റെയ്ഡ്. ദേശീയ പാതയില്‍ അടക്കാത്തെരു ജംഗ്ഷനു സമീപത്തെ ഇന്ത്യന്‍ കോ-ഓപ്പറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റിയുടെ വടകര ബ്രാഞ്ചിലാണ് ബുധനാഴ്ച ഇന്‍കം ടാക്സ് സംഘം റെയ്ഡ് നടത്തിയത്. കോഴിക്കോട് നിന്ന് പോലീസിനോടൊപ്പം എത്തിയ ഉദ്യോഗസ്ഥര്‍ രാവിലെ ആരംഭിച്ച റെയ്ഡ് മണിക്കൂറുകളോളം നീണ്ടു. പരിശോധന സമയത്ത് ഉള്ളിലേക്ക് ആരെയും കടത്തി വിട്ടില്ല. സംഭവമറിഞ്ഞ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ സ്ഥാപനവുമായി ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നു കൈയ്യേറ്റ ശ്രമം ഉണ്ടായി. മാധ്യമ പ്രവര്‍ത്തകരുമായി ഏറെ നേരം വാക്ക് തര്‍ക്കം നടന്നു.
അതേസമയം റെയ്ഡ് സംബന്ധമായ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇന്‍കം ടാക്സ് അധികൃതര്‍ തയ്യാറായില്ല. സാധാരണ നിലയിലുള്ള പരിശോധന മാത്രമാണ് നടന്നതെന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.