ജിദ്ദ: അവധി കഴിഞ്ഞ് സൗദി അറേബ്യയിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തില്നിന്നു കാണാതായ മലയാളി നഴ്സ് സൗദി പൊലിസിന്റെ
കസ്റ്റഡിയിലെന്നു വിവരം. വയനാട് സുല്ത്താന് ബത്തേരി അയ്യങ്കൊല്ലി ആനന്ദ് നിവാസില് രവിശെല്വി ദമ്പതികളുടെ മകള് ഫിലോമിനയാണ് ജിദ്ദ പൊലിസിന്റെ കസ്റ്റഡിയിലുള്ളത്. സൗദിയില് നിരോധനമുള്ള മരുന്നുകള് ലഗേജില് കണ്ടെത്തിയതിനെത്തുടര്ന്നാണ് അറസ്റ്റ് എന്നാണ് വിവരം. മൂന്നു വര്ഷമായി റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയില് നഴ്സായി ജോലി ചെയ്തുവരികയാണ് ഫിലോമിന. വാര്ഷികാവധിക്കു ശേഷം ഈ മാസം 10ന് ബംഗളൂരുവില്നിന്നുള്ള വിമാനത്തിലാണ് ഇവര് നാട്ടില് നിന്ന് ജിദ്ദയിലേക്കു തിരിച്ചത്. ജിദ്ദയില് ഇറങ്ങി അവിടെനിന്നു കണക്ഷന് ഫ്ലൈറ്റ് മാര്ഗം റിയാദിലേക്കു പോകാനിരിക്കെയായിരുന്നു പൊലീസ് നടപടി. ജിദ്ദ വിമാനത്താവളത്തിലിറങ്ങിയ ഉടന്,
ഫിലോമിന പിതാവ് രവിക്കും ഭര്ത്താവ് ജോണിനും ശബ്ദസന്ദേശം അയച്ചിരുന്നു. വിമാനത്താവള ഉദ്യോഗസ്ഥര് തന്നെ തടഞ്ഞുവച്ചിരിക്കുകയാണെന്നും ലഗേജ് കൊണ്ടുപോയെന്നും ഫോണ് കൈമാറാന് ആവശ്യപ്പെടുന്നുണ്ടെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. എന്നാല്, ഇതിനുശേഷം ഇവരുമായി ബന്ധപ്പെടാന് കുടുംബത്തിനു സാധിച്ചില്ല. തുടര്ന്ന് ആശങ്കയിലായ ബന്ധുക്കളും സാമൂഹികപ്രവര്ത്തകരും നടത്തിയ അന്വേഷണത്തിലാണ് ഫിലോമിന പൊലീസ് കസ്റ്റഡിയിലാണെന്ന വിവരം ലഭിച്ചത്. സംഭവത്തില് കൂടുതല് വിവരങ്ങള് ലഭ്യമായിട്ടില്ല. റിയാദ് ഇന്ത്യന് എംബസിയുടെയും ജിദ്ദ കോണ്സുലേറ്റിന്റെയും സാമൂഹിക പ്രവര്ത്തകരുടെയും നേതൃത്വത്തില് ആവശ്യമായ നിയമനടപടികളും തുടര്നീക്കങ്ങളും പുരോഗമിക്കുകയാണ്.















