വടകര: തിരുവോണനാളില് ഡിവൈഎഫ്ഐ പതിയാരക്കര മേഖല ജോയിന്റ് സെക്രട്ടറി എം.ടി.വിനൂപിനെ മഞ്ചയില്കടവില് ഒരു സംഘമാളുകള് ആക്രമിച്ച കേസില് പ്രതികളുടെ
മുന്കൂര് ജാമ്യാപേക്ഷ കോഴിക്കോട് സെഷന്സ് കോടതി തള്ളി. അക്രമി സംഘങ്ങളുടെ മര്ദ്ദനത്തില് വിനൂപിന് സാരമായി പരിക്കേറ്റിരുന്നു. ജാമ്യമില്ല വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ വടകര പോലീസ് സ്റ്റേഷന് മാര്ച്ച് ഉള്പ്പെടെ നടത്തിയിരുന്നു. പ്രതികള് നല്കിയ മുന്കൂര് ജാമ്യാപേക്ഷക്കെതിരെ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി വക്കാലത്ത് ഫയല് ചെയ്തിരുന്നു. പരാതിക്കാരന് വേണ്ടി അഡ്വ:പി.രാഹുല്രാജ്, സി.കെ. അഫ്നാസ് എന്നിവര് ഹാജരായി.
ഒന്നര മാസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില് പ്രതിഷേധം ശക്തമാണ്. പ്രതികള്ക്ക് മുന്കൂര് ജാമ്യം പോലും ലഭിക്കാത്ത സാഹചര്യത്തില് പോലീസ് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില് തുടര് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ മുന്നറിയിപ്പു നല്കി.















