കോഴിക്കോട്: ഔദ്യോഗിക ഗൗരവങ്ങള് മാറ്റിവെച്ച് കുട്ടിസല്ലാപങ്ങള്ക്കും കളിചിരികള്ക്കും വേദിയായി ജില്ലാ കളക്ടറുടെ ചേമ്പര്. ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന
‘കുട്ട്യോളും കളക്ടറും’ സംവാദ പരിപാടിയുടെ അഞ്ചാം പതിപ്പിലാണ് കിനാലൂര് ഗവണ്മെന്റ് യുപി സ്കൂളിലെ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാര്ഥികള് കളക്ടര് എം.എസ്.മാധവിക്കുട്ടിയുമായി വിശേഷങ്ങള് പങ്കിടാന് കളക്ടറേറ്റില് എത്തിയത്. കുട്ടികളുമായി സൗഹൃദം പങ്കുവെച്ച കളക്ടര്, അവരുടെ വിശേഷങ്ങള് ചോദിച്ചറിയുകയും ചിരിനിമിഷങ്ങളില് പങ്കുചേരുകയും ചെയ്തു. സ്കൂളില് നല്ലൊരു കളിസ്ഥലം വേണമെന്ന ആഗ്രഹം കുട്ടികള് ഉന്നയിച്ചപ്പോള് അനുഭാവപൂര്വമായ മറുപടിയാണ് കളക്ടറില് നിന്നുണ്ടായത്. ഭാവിയില് കളക്ടറാകാന് ആഗ്രഹിക്കുന്ന കൊച്ചുമിടുക്കര്ക്ക് അതിനായി സ്വീകരിക്കേണ്ട പഠനരീതികളെക്കുറിച്ചും തയ്യാറെടുപ്പുകളെക്കുറിച്ചും അവര് ലളിതമായി വിശദീകരിച്ചു നല്കി. കുട്ടികളില് ആത്മവിശ്വാസം വളര്ത്തുക, ഭരണസംവിധാനങ്ങളുടെ പ്രവര്ത്തനം അടുത്തറിയാന് അവസരമൊരുക്കുക, വിദ്യാര്ഥികളുടെ ആശയങ്ങളും ആവശ്യങ്ങളും നേരിട്ട് മനസ്സിലാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചു വരുന്നത്. സ്കൂള് പ്രധാനാധ്യാപിക കെ.ബി.ശ്രീജ, അധ്യാപകരായ പി.എം.സോമന്, സി.സന്ധ്യ, ശോഭ എന്നിവരും പരിപാടിയുടെ ഭാഗമായി.















