കോഴിക്കോട്: ‘സന്തോഷത്തോടെ പഠിക്കാം’ മാനസികാരോഗ്യ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി വിവിധ വകുപ്പുകളുടെ ഏകോപനയോഗം ചേര്ന്നു. അസിസ്റ്റന്റ്
കളക്ടര് മാളവിക.ജി.നായരുടെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് ജില്ലാ മെഡിക്കല് ഓഫിസര് ഡോ. എല്.ടി.സരിത കുമാരി ക്യാമ്പയിനെ പറ്റി വിശദീകരിച്ചു. സ്കൂള് വിദ്യാര്ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുക, പഠന സമ്മര്ദം കുറയ്ക്കുക, ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്തുക എന്നിവയാണ് ക്യാമ്പയിന്റെ ലക്ഷ്യങ്ങള്. ഒക്ടോബര് 12 മുതല് ആരംഭിച്ച ക്യാമ്പയിന്റെ ഭാഗമായി പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്ത്തകര് സ്കൂളുകള് കേന്ദ്രീകരിച്ച് ബോധവത്ക്കരണ ക്ലാസുകള്, സംവാദങ്ങള്, കൗണ്സിലിങ് സെഷനുകള്, മാനസികാരോഗ്യ പിന്തുണയ്ക്കായുള്ള പ്രവര്ത്തനങ്ങള്, തുടര് പരിചരണം എന്നിവ സംഘടിപ്പിക്കും. ആരോഗ്യവകുപ്പ്, മെഡിക്കല് വിദ്യാഭ്യാസ വകുപ്പിലെ ജില്ലാ മാനസികാരോഗ്യ പരിപാടി
എന്നിവ മുഖേന പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേര്ന്നാണ് പ്രവര്ത്തനങ്ങള് നടപ്പിലാക്കുക. വിദ്യാര്ഥികള് അധ്യാപകര് രക്ഷിതാക്കള് എന്നിവരുടെ സജീവ പങ്കാളിത്തം ക്യാമ്പയിന് പ്രവര്ത്തനങ്ങളില് ഉറപ്പാക്കുവാന് യോഗത്തില് തീരുമാനിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (15ന്) ചാലപ്പുറം ഗവണ്മെന്റ് ഗേള്സ് ഹയര് സെക്കന്ററി സ്കൂളില് വച്ച് അസിസ്റ്റന്റ് കളക്ടര് മാളവിക.ജി.നായര് നിര്വഹിക്കും. യോഗത്തില് ജില്ലാ ആര്സിഎച്ച് ഓഫീസര് ഡോ. നവ്യ.ജെ തൈക്കാട്ടില്, വിവിധ വകുപ്പുകളുടെ പ്രതിനിധികള് മറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു.















