
മാനന്തവാടി: പരമ്പരാഗത നെൽകൃഷിയുടെ സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമൻ (74) അന്തരിച്ചു. പാരമ്പര്യ നെൽവിത്തുകളുടെയും കൃഷിയുടെയും കാവലാളായി
ട്ടാണ് ചെറുവയൽ രാമൻ അറിയപ്പെട്ടിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അന്ത്യം. വയറ് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാമൻ്റെ അന്ത്യം ആകസ്മികമായിരുന്നു. വയനാട് എടവക പഞ്ചായത്തിലെ കമ്മനയിൽ ചെറുവയൽ കുറിച്യ തറവാട്ടിൽ ജനിച്ച രാമൻ വയനാട്ടിലെ പരമ്പരാഗത നെല്ലിനങ്ങളുടെ സംരക്ഷകനെന്ന നിലയിലാണ് പ്രസിദ്ധനായത്. വയനാടിന്റെ നെല്ലച്ഛൻ എന്ന പേരിൽ
പ്രശസ്തനായ അദ്ദേഹം, നൂറുവർഷങ്ങൾക്ക് മുൻപ് വയനാട്ടിലുണ്ടായിരുന്ന നൂറിലേറെ നാടൻ നെൽവിത്തിനങ്ങളിൽ മുപ്പതെണ്ണം കൃഷിചെയ്ത് നിലനിർത്തിയിരുന്നു.രാജ്യം പത്മശ്രീ നല്കി
ആദരിച്ച ചെറുവയൽ രാമന് അടുത്തിടെയാണ് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻ ചാണ്ടി കാർഷിക പുരസ്കാരം ലഭിച്ചത്. ഭാര്യ: ഗീത. മക്കൾ: രമണി, രമേശൻ, രാജേഷ്. മരുമക്കൾ: തങ്കമണി, രജിത, രാജൻ, ഉണ്ണികൃഷ്ണൻ.
















