വടകര: ജില്ലാ ആശുപത്രിയില് ജീവനക്കാര്ക്ക് നേരെ കൈയേറ്റവും കൗണ്ടര് അടിച്ചുതകര്ക്കുകയും ചെയ്ത സംഭവത്തില് ശക്തമായ പ്രതിഷേധവുമായി സ്റ്റാഫ്
കൗണ്സില്. കൈയേറ്റം നടത്തുകയും ആശുപത്രിയുടെ പ്രവര്ത്തനം സ്തംഭിപ്പിക്കുകയും ചെയ്തതില് കര്ശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര് പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കൗണ്ടറിലെ ജീവനക്കാരിയെ ഭീഷണിപ്പെടുത്തുകയും സുരക്ഷക്കായി സ്ഥാപിച്ച ജനലിന്റെ ഗ്ലാസ് പാനലുകളില് അടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതുമൂലം ആശുപത്രിയുടെ പ്രവര്ത്തനം തടസ്സപ്പെടുകയും മറ്റു രോഗികള്ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു. ആക്രമം തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാരിയെ ചീത്തവിളിക്കുകയും ജീവനക്കാരനെ കയ്യേറ്റം ചെയ്യാന് ശ്രമിക്കുകയും ചെയ്തു. അത്യാഹിത വിഭാഗത്തിലേക്കുള്ള ഒപി ടിക്കറ്റ് എടുക്കുന്നത് തടസ്സപ്പെടുത്തുകയും കൗണ്ടറിന്റെ പ്രവര്ത്തനം നിര്ത്തിവെക്കേണ്ടതായും വന്നു. ഉച്ചയ്ക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റിക്ക് നേരെ വീണ്ടും ഭീഷണിയുമായി എത്തുകയും അധിക്ഷേപിക്കുകയും ചെയ്തു. സംഭവത്തില് മാതൃകാപരവുമായ നിയമനടപടി സ്വീകരിക്കണമെന്ന് സ്റ്റാഫ് കൗണ്സില് ആവശ്യപ്പെട്ടു. സ്റ്റാഫ് കൗണ്സിലിന്റെ നേതൃത്വത്തില് പ്രതിഷേധജാഥ നടത്തി. തുടര്ന്ന് നടന്ന യോഗത്തില് ആര്എംഒ ഡോ.രീഷമ, ലേ സെക്രട്ടറി മനോജന്, സ്റ്റാഫ് കൗണ്സില് സെക്രട്ടറി ഡോ.ജിദേഷ്കുമാര് എന്നിവര് സംസാരിച്ചു.















