
തൃശൂർ: ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിൽ കാര്‍ ചരക്ക് ലോറിയില്‍
ഇടിച്ചുകയറി എട്ട് പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ ഏഴ് പേരും വിദ്യാര്‍ത്ഥികളാണ്. വാഹനത്തിന്റെ ഡ്രൈവറും മരിച്ചു. നിര്‍മ്മാണം നടക്കുന്ന ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലാണ് കാര്‍ ഇടിച്ചത്. കയ്പമംഗലം പനമ്പിക്കുന്ന് സെന്ററില്‍ രാത്രി 12 മണിയോടെയായിരുന്നു അപകടം. ഡിണ്ടിഗലില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ത്ഥികളാണ് തമിഴ്‌നാട് രജിസ്‌ട്രേഷന്‍ കാറില്‍ ഉണ്ടായിരുന്നത്. സേലം സ്വദേശി വിശ്വം (20), ഡിണ്ടികല്‍ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), മധുര സ്വദേശി
പ്രസന്ന, ഡിണ്ടികല്‍ സ്വദേശി യുവസഞ്ജിത് (20) എന്നിവരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. എല്ലാവരും പി എസ് എന്‍ എ എഞ്ചിനീറിങ് കോളേജിലെ വിദ്യാര്‍ത്ഥികളാണ്. കാറിലുണ്ടായിരുന്ന ഏഴ് പേർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഒരാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട കാർ പൂർണമായും
തകർന്നിട്ടുണ്ട്. ഗുരുവായൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു കാർ. ഇതേ ദിശയിൽ ദേശീയപാതയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി. പാതയോരത്ത് നിർത്തിയിട്ട മറ്റൊരു
ലോറിയിൽ ഉറങ്ങിക്കിടന്നവരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ്,
അഗ്‌നിരക്ഷാസേന ഉള്‍പ്പടെ സ്ഥലത്തെത്തി. വാഹനം വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
ഈ മേഖലയില്‍ അപകടം പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡരികിലായി മൂന്ന് ലോറികള്‍ സംഭവ സമയം നിര്‍ത്തിയിട്ടിരുന്നു. ഇതില്‍ മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള ലോറിയുടെ പിന്നിലാണ് കാര്‍ ഇടിച്ചു കയറിയത്.
















