വടകര: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശോഭായാത്രയില്‍
നാടും നഗരവും അമ്പാടിയായി മാറി. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച
മഹാശോഭായാത്ര വടകര നഗരത്തിന് അവിസ്മരണീയമായ വര്‍ണക്കാഴ്ചയാണ് സമ്മാനിച്ചത്. നഗരത്തിന്റെ വശ്യതയ്ക്ക് മാറ്റുകൂട്ടുന്ന വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങളും കുരുന്നുകളുടെ വേഷപ്പകര്‍ച്ചകളും വഴി നീളെയുണ്ടായ ദീപാലങ്കാരങ്ങളും ശോഭായാത്രയെ ജനോത്സവമാക്കി മാറ്റി. കൃഷ്ണന്‍, രാധ, ഗോപികമാര്‍ തുടങ്ങി വിവിധ പുരാണ വേഷങ്ങളണിഞ്ഞ നൂറുകണക്കിന് കുട്ടികള്‍ ശോഭായാത്രയ്ക്ക് മനോഹാരിത പകര്‍ന്നു.
മനോഹരമായ നിശ്ചലദൃശ്യങ്ങള്‍, താലപ്പൊലി, വാദ്യമേളങ്ങളുടെ അകമ്പടി, ഗോപികാനൃത്തങ്ങള്‍ എന്നിവ ആഘോഷങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ ആവേശം പകര്‍ന്നു. ഗോപി കുറിയും പീലി തിരുമുടിയും മുത്തരഞ്ഞാണവും വന മാലയും കാല്‍ വളകളും ധരിച്ച
ഉണ്ണികളെ കണ്ട് ഭക്തര്‍ സായൂജ്യമടഞ്ഞു. കൈകളില്‍ നിറയെ വെണ്ണയും ഓടക്കുഴലുമായി നില്‍ക്കുന്ന മനോഹര രൂപത്തെ കണ്ട് ഭക്തര്‍ നിര്‍വൃതിയിലായി. കൃഷ്ണന്റെ ബാല ഭാവങ്ങളെ പകര്‍ത്തിയ നിശ്ചല ദൃശ്യങ്ങള്‍ ശോഭായാത്രക്ക് മാറ്റു കൂട്ടി. ശോഭായാത്ര കടന്നുപോയ പാതയോരങ്ങളിലെ വീടുകളും വ്യാപാര സ്ഥാപനങ്ങളും വിളക്കുകളും വര്‍ണദീപങ്ങളും തെളിയിച്ച് സ്വീകരിച്ചു. വിവിധ പ്രദേശങ്ങളില്‍ നിന്ന് പുറപ്പെട്ട കൊച്ചു ശോഭായാത്രകള്‍ വടകര ടൗണ്‍ഹാളില്‍ സംഗമിച്ച് മഹാശോഭായാത്രയായി മാറി. തുടര്‍ന്ന് അഞ്ചുവിളക്ക്
ജംഗ്ഷന്‍ വഴി ഭഗവതി കോട്ടക്കല്‍ ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേര്‍ന്ന് സമാപിച്ചു.
അധര്‍മ്മത്തിനെതിരെ ധര്‍മ്മത്തിന്റെ വിജയം പ്രഖ്യാപിക്കുന്ന ശ്രീകൃഷ്ണസന്ദേശം ഉള്‍ക്കൊണ്ട്, നാടിന്റെ കൂട്ടായ്മയും സാംസ്‌കാരിക പൈതൃകവും വിളിച്ചോതിക്കൊണ്ടാണ് ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് വടകരയില്‍ തിരശ്ശീല വീണത്.
അരൂരില്‍ കോട്ടുള്ളതില്‍ ശിവക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് കോട്ട് മുക്ക് വഴി മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു. മണിയൂര്‍ മഠം ശ്രീകൃഷ്ണക്ഷേത്രത്തില്‍ കൃഷ്ണഗിതാലാപനം, സദ്യ, കലാപരിപാടികള്‍ എന്നിവ നടന്നു. പുത്തൂര്‍ വിഷ്ണു ക്ഷേത്രത്തിലും വിവിധ പരിപാടികളോടെ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു.















