തിരുവള്ളൂര്‍: ജീവന്റെ തുടുപ്പിനായ് പുഴയില്‍ മുങ്ങി മാതൃകാ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് നാടിന്റെ സ്‌നേഹാദരം. വെള്ളൂക്കര സ്വദേശി കോട്ടോല്‍ നിധിന്‍ (ഉണ്ണി),
ചാനിയം കടവ് സ്വദേശി നിടുംകുനി പ്രജീഷ് എന്നിവരെ നാട് ചേര്‍ത്തു പിടിച്ചു. വ്യാഴം ഉച്ചയോടെയാണ് പേരാമ്പ്ര സ്വദേശി ഷൈജല്‍ ചാനിയം കടവ് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത്. ഓടിയെത്തിയവര്‍ പുഴയിലേക്ക് കയര്‍ ഇട്ടു നല്‍കിയെങ്കിലും ഇയാള്‍ക്ക് കയറില്‍ പിടിക്കാനായില്ല. ഇയാള്‍ പുഴയിലേക്ക് മുങ്ങി താണതോടെ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഉണ്ണി കയറിന്റ ഒരറ്റം അരയില്‍ കെട്ടി പുഴയിലേക്ക് ചാടി. ഇതേ സമയം പ്രജീഷ് പുഴയുടെ മറ്റൊരു ഭാഗത്തു കൂടെ പുഴ മധ്യത്തിലേക്ക് നീന്തിയെന്തി. രണ്ടു പേരും ചേര്‍ന്ന് ഷൈജലിനെ താങ്ങിയെടുത്ത് പാലത്തിന്റെ തൂണിന്റ ഭീമിലേക്ക് കയറ്റി. പ്രജീഷ് പുഴയില്‍ നിന്നു തന്നെ ഷൈജലിന് സിപിആര്‍ നല്‍കാനും ശ്രമം തുടങ്ങി. പിന്നീട് നാട്ടുകാരും ചേര്‍ന്ന് ഇയാളെ തിരുവള്ളൂര്‍ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉണ്ണിയും പ്രജീഷും ചേര്‍ന്ന് ഷൈജലിനെ അതിസാഹസികമായി രക്ഷിക്കാന്‍ നടത്തുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെ ഇരുവര്‍ക്കും അഭിനന്ദന പ്രവാഹമായിരുന്നു. സിപിഎം ചാനിയം കടവ്, കരുവന്‍ വളപ്പ് ബ്രാഞ്ചുകള്‍ ഉണ്ണിയെയും പ്രജീഷിനെയും വീടുകളില്‍ എത്തി അനുമോദിച്ചു. ലോക്കല്‍ സെക്രട്ടറി കെ.കെ.ശങ്കരന്‍ ഉപഹാരം നല്‍കി. ടി.കെ.ബാലന്‍, പി.കെ.അരുണ്‍, എം.രാജന്‍, പി.എം.സത്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നാടിന് അഭിമാനമായി ജീവന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ നിധിന്‍ (ഉണ്ണി) നെയും, പ്രജീഷിനെയും തിരുവള്ളൂര്‍ പഞ്ചായത്ത് ഭരണ സമിതി അനുമോദിച്ചു. പ്രസിഡന്റ് എല്‍.വി.രാമകൃഷ്ണന്‍ ഉപഹാരം നല്‍കി. പഞ്ചായത്തംഗങ്ങളായ ഗോപീനാരായണന്‍, കെ.കെ.സുരേഷ്, ടി.വി.സഫീറ, സതി കണ്ണനാണ്ടി, എന്‍.കെ.അഖിലേഷ്, കുണ്ടാറ്റില്‍ മൊയ്തു, പി.എസ്.അഥീന തുടങ്ങിയവര്‍ സംസാരിച്ചു.















