കൊയിലാണ്ടി: ദ്വാപരയുഗ സ്മരണകളിമായി എങ്ങും ശ്രീകൃഷ്ണ ജയന്തി. വീഥികള്‍
കൈയടക്കി ഉണ്ണിക്കണ്ണന്മാര്‍ നീങ്ങിയത് വര്‍ണക്കാഴ്ചയായി. ‘മായ വിട്ടുണരൂ മാനവനായ് വളരൂ’ എന്ന സന്ദേശമുയര്‍ത്തി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തി
ബാലദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ശോഭായാത്രകള്‍ നിരന്നു. കൊയിലാണ്ടിയില്‍ നടന്ന വര്‍ണാഭമായ മഹാശോഭായാത്ര കണ്ണിനും മനസ്സിനും കുളിര്‍മ പകര്‍ന്നു. ശ്രീകൃഷ്ണന്റെ ജീവിത ദര്‍ശനം വിളിച്ചോതുന്ന മനോഹരമായ നിശ്ചലദൃശ്യങ്ങള്‍, ഓടക്കുഴലേന്തിയ കുസൃതിക്കണ്ണന്മാര്‍, രാധികാസൗന്ദര്യത്തിന്റെ വേഷപ്പകര്‍ച്ചകള്‍, വര്‍ണക്കുടകള്‍ ചൂടിയ തോഴിമാര്‍, പൂത്താലമേന്തിയ ബാലികാബാലന്മാര്‍, നൃത്ത സംഘങ്ങള്‍ എന്നിവ ശോഭായാത്രക്ക് അകമ്പടിയായി. നഗരവീഥികള്‍ക്കിരുവശവും നിറഞ്ഞ് കവിഞ്ഞ ജനം കൃഷ്ണചൈതന്യ പ്രഭയില്‍ മതിമറന്നു. ആന്തട്ട ശ്രീരാമകൃഷ്ണാശ്രമം, പാറക്കല്‍ താഴ മങ്ങാട് ഭുവനേശ്വരി ക്ഷേത്ര പരിസരം, ഏഴുകുടിക്കല്‍ കുറുംബ ഭഗവതി ക്ഷേത്ര പരിസരം, ചെറിയമങ്ങാട് ദുര്‍ഗാഭഗവതി ക്ഷേത്രപരിസരം, വിരുന്നുകണ്ടി കുറുംബാഭഗവതി ക്ഷേത്ര
പരിസരം, ഉപ്പാല കണ്ടി ഭഗവതി ക്ഷേത്ര പരിസരം, മണമല്‍ നിത്യാനന്ദാശ്രമം, കോതമംഗലം മഹാവിഷ്ണു ക്ഷേത്ര പരിസരം, തച്ചം വള്ളി ക്ഷേത്രപരിസരം, കണയങ്കോട് ഗ്രാമോദയ സേവാസമിതി വേദി, കിടാരത്തില്‍ തലച്ചില്ലോന്‍ ക്ഷേ പരിസരം, പെരുവട്ടൂര്‍ ചെറിയപ്പുറം ക്ഷേത്രപരിസരം എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച ശോഭായാത്രകള്‍, കൊരയങ്ങാട് ക്ഷേത്ര പരിസരത്ത് സംഗമിച്ചു. മാതാ അമൃതാനന്ദമയി മഠാധിപതി സുഭേദാ മൃത ചൈതന്യ ഗോകുല പതാക കൈമാറി. വി.കെ.പ്രദീപന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് മഹാശോഭായാത്രയായി സ്റ്റേഡിയത്തില്‍ സമാപിച്ചു. ബാലഗോകുലം ജില്ലാ അധ്യക്ഷന്‍ വളപ്പില്‍ വിനായകന്‍ ഗോകുല സന്ദേശം നല്‍കി. ആഘോഷ പ്രമുഖ് മിഥുന്‍ ലാല്‍, വി.കെ.ജയന്‍, ശിവന്‍, ടി.പി.പ്രീജിത്ത്, കെ.വി.സുരേഷ്, വായനാരി വിനോദ്, കെ.കെ.വൈശാഖ് എന്നിവര്‍ നേതൃത്വം നല്‍കി.
-സുധീര്‍ കൊരയങ്ങാട്















