വടകര: നാടിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ‘ഫോക്കസ് തോടന്നൂര്‍-2030’ എന്ന പദ്ധതിയുമായി തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്. ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന
വികസന സെമിനാര്‍ വ്യാഴാഴ്ച രാവിലെ 10 മുതല്‍ മന്തരത്തൂര്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷറഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ നാലു ഗ്രാമപഞ്ചായത്തുകളിലേയും ദൈനംദിന ജീവിതത്തിന് ഗതിവേഗം പകരുന്ന തരത്തിലുളള വികസന പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നു പ്രസിഡന്റ് പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വികസന പ്രവര്‍ത്തനങ്ങളോട് ചേര്‍ന്നുനിന്ന് തോടന്നൂരിന്റെ വികസന സാധ്യതകളെ പരമാവധി വിപുലപ്പെടുത്തും. പദ്ധതിയുടെ ഭാഗമായി 13 പദ്ധതികള്‍ക്കാണ് ഭരണ സമിതി രൂപം നല്‍കിയത്. സ്ത്രീകള്‍ക്ക് തൊഴില്‍ സാധ്യത ഉണ്ടാകുന്ന പദ്ധതികള്‍, കാര്‍ഷിക മേഖല, ഭിന്നശേഷി സൗഹൃദ ബ്ലോക്ക് പഞ്ചായത്ത്, പ്ലാസ്റ്റിക് വിമുക്ത തോടന്നൂര്‍, സമഗ്ര വിദ്യാഭ്യാസ പരിപാടി, ബ്ലോക്ക് പഞ്ചായത്തിനെ ലഹരി മുക്തമാക്കല്‍, എബിസി കേന്ദ്രം, ലേബര്‍ ബാങ്കിങ്ങ്, തൊഴില്‍ സേന
രൂപീകരണം, കുട്ടികളില്‍ കായിക ക്ഷമത പരിശീലനം, കലാസമിതികളേയും ഗ്രന്ഥ ശാലകളെയും ശക്തിപ്പെടുത്തല്‍, കരിയര്‍ ഗൈഡന്‍സ്, നാടകോത്സവവും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കല്‍, കളരി പ്രോത്സാഹന പരിപാടികള്‍, ഓഫീസ് കെട്ടിട നിര്‍മാണം, ചില്‍ഡ്രന്‍സ് പാര്‍ക്ക്, വയോജന കേന്ദ്രം, ഓപ്പണ്‍ ജിം, പൊതുജനങ്ങള്‍ക്ക് കൂടിച്ചേരാനുളള ഇടം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിടുന്നത്. വികസന സെമിനാര്‍ ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്യും. പാറക്കല്‍ അബ്ദുള്ള എംഎല്‍എ അധ്യക്ഷത വഹിക്കും. പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് നസീമ തട്ടാന്‍ കണ്ടിയില്‍, സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ടി.എന്‍.മനോജ്, ശ്രീജ തറവട്ടത്ത്, എം.ടി.രാജന്‍ എന്നിവര്‍ പങ്കെടുത്തു.













