അഴിയൂര്‍: ആള്‍ക്കൂട്ട വിചാരണയ്ക്കും ആക്രമണത്തിനും ഇരയായി മാനസികമായി തകര്‍ന്നതിനു പിന്നാലെ അഴിയൂരിലെ ഹാഷിര്‍ (33) ജീവനൊടുക്കിയ സംഭവത്തില്‍
പോലീസ് നിലപാട് ആശങ്ക ഉണ്ടാക്കുന്നതാണെന്ന് എസ്ഡിപിഐ. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെങ്കില്‍ കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നു നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സെപ്റ്റംബര്‍ 20-ന് രാവിലെയാണ് ഹാഷിറിനെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തലേന്ന് രാത്രി 10.30ന് ഹാഷിറിനെ ഏഴംഗ സംഘം താന്‍ ജോലി ചെയ്യുന്ന കടയുടെ പിറകിലേക്ക് വിളിച്ചുകൊണ്ടുപോയി ആള്‍ക്കൂട്ട വിചാരണ നടത്തുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കടയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ആക്രമണത്തിനും അപമാനത്തിനും പിന്നാലെ മാനസികമായി തകര്‍ന്ന ഹാഷിറിനെ പിറ്റേന്ന് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹാഷിറിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ ഗൗരവമായി അന്വേഷിക്കുകയും ആക്രമണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. ഒരു പെറ്റിക്കേസില്‍ പോലും ഉള്‍പ്പെട്ടിട്ടില്ലാത്ത, നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു ഹാഷിറെന്ന് കുടുംബവും നാട്ടുകാരും
സാക്ഷ്യപ്പെടുത്തുന്നു. ഇത്തരമൊരു യുവാവിന് നേരെയുണ്ടായ ആക്രമണവും തുടര്‍ന്നുണ്ടായ മരണവും ഗൗരവത്തോടെ കാണേണ്ട പോലീസ് പ്രതികള്‍ക്കെതിരെ നിസാര വകുപ്പുകള്‍ മാത്രം ചുമത്തി കേസ് ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് എസ്ഡിപിഐ ആരോപിച്ചു. സംഭവത്തിലെ മുഴുവന്‍ സാഹചര്യങ്ങളും പരിശോധിച്ച് കര്‍ശന വകുപ്പുകള്‍ ചേര്‍ത്ത് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നു നേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ വടകര നിയോജക മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല, മണ്ഡലം ജോ. സെക്രട്ടറി അന്‍സാര്‍ യാസര്‍, അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സൈനുദ്ദീന്‍.എ.കെ, മരണപ്പെട്ട ഹാഷിറിന്റെ പിതാവ് ഇബ്രാഹിം, ഹാഷിറിന്റെ അനുജന്‍ ഫാഷിദ് എന്നിവര്‍ പങ്കെടുത്തു.













