ആയഞ്ചേരി: ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിഎന്‍ജി സിലിണ്ടര്‍ പരിശോധനാ കേന്ദ്രം മാറ്റണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന
അനിശ്ചിതകാല സത്യാഗ്രഹം ഒമ്പത് ദിവസം പിന്നിട്ടു. സമരത്തിന് യുവജന സംഘടനകളും രാഷ്ട്രീയസാമൂഹിക രംഗങ്ങളിലുള്ളവരും പിന്തുണ പ്രഖ്യാപിച്ചു. ഒമ്പതാം ദിവസത്തെ സമരം വ്യാപാരി വ്യവസായി ഏകോപന സമിതി ആയഞ്ചേരി യൂനിറ്റ് പ്രസിഡന്റ് മന്‍സൂര്‍ ഇടവലത്ത് ഉദ്ഘാടനം ചെയ്തു. ജനവാസ മേഖലയില്‍ നിന്ന് സ്ഥാപനം മാറ്റുന്നതുവരെ സമരസമിതിക്കൊപ്പം ഉണ്ടാകുമെന്നും ജനങ്ങളുടെ ന്യായമായ ആവശ്യത്തിന് പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീജ തറവട്ടത്ത് സമരത്തിന് പിന്തുണയറിയിച്ച് സംസാരിച്ചു. ജനവാസ മേഖലയില്‍ സ്ഥാപനം തുടരുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ ഉന്നയിക്കുന്ന ആശങ്കകള്‍ക്ക് പരിഹാരം കാണണമെന്നും ജനങ്ങളുടെ ആവശ്യത്തില്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് കിനാലിയോട്ട് അധ്യക്ഷത വഹിച്ചു. രാമത്ത് മൂസ, സി.വി.നൗഫല്‍, ഇല്യാസ് മാങ്ങോട്, സായിസ് കടമേരി, ഒ.പി.റാഷിദ്, നവാസ് കടമേരി, സജാദ്, കെ.സാദത്ത് കോറോത്ത്, ഇല്യാസ് കിളിയമ്മല്‍, കെ.ചോയി, കെ.ടി.കെ.രാജന്‍, മൊയ്തു തോലത്തിയില്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ ഷഫീഖ് തറോപ്പൊയില്‍ സ്വാഗതവും മുഹമ്മദ് കിളിയമ്മല്‍ നന്ദിയും പറഞ്ഞു.













