
നാദാപുരം: വനിതാ കൂട്ടായ്മകള്‍ക്ക് സംരംഭകത്വ മേഖലയിലേക്ക് കടന്നുവരാന്‍ സാമ്പത്തിക പിന്തുണ നല്‍കുകയെന്ന ലക്ഷ്യത്തോടെ നാദാപുരം സഹകരണ അര്‍ബന്‍ ബാങ്ക്
ആരംഭിക്കുന്ന വായ്പ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. വ്യവസായ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സബ്‌സിഡി നിരക്കില്‍ വായ്പ ലഭ്യമാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വനിതാ ഗ്രൂപ്പുകള്‍ക്കാണ് മുന്‍ഗണന. ചെറുകിട വ്യവസായങ്ങള്‍, ഉല്‍പ്പാദന-സേവന മേഖലകള്‍, ഭക്ഷ്യ സംസ്‌കരണം, വ്യാപാരം തുടങ്ങിയ വിവിധ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ള സംരംഭങ്ങള്‍ വിപുലീകരിക്കുന്നതിനും പദ്ധതി സഹായകരമാകും. വനിതകളെ സ്വയം തൊഴിലിലേക്കും സംരംഭകത്വത്തിലേക്കും കൂടുതല്‍ ആകര്‍ഷിക്കുകയും സാമ്പത്തികമായി സ്വയം പര്യാപ്തരാക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൂട്ടായ സംരംഭങ്ങള്‍ ആരംഭിക്കുന്ന വനിതാ സംഘങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം
പ്രാദേശിക തലത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പദ്ധതി വഴിയൊരുക്കും.
വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ സബ്‌സിഡി ആനുകൂല്യം ലഭ്യമാകുന്നതിനാല്‍ കുറഞ്ഞ സാമ്പത്തിക ബാധ്യതയില്‍ വായ്പ പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ നവാസ് ലോഗോ പ്രകാശനം ചെയ്തു. വടകര താലൂക്ക് കാര്‍ഷിക വികസന ബാങ്ക് വൈസ് ചെയര്‍മാന്‍ മുഹമ്മദ് ബംഗ്ലത്ത് ഏറ്റുവാങ്ങി. അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ എം കെ അഷ്‌റഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡയറക്ടര്‍ എന്‍ കെ മൂസ, എം പി സൂപ്പി, പി കെ ദാമു, അബ്ബാസ് കണയ്ക്കല്‍, സി കെ കുഞ്ഞാലി, സുജിന നാസര്‍, ഗംഗാധരന്‍ വട്ടോളി, ജനറല്‍ മാനേജര്‍ കെ എന്‍ അബ്ദുല്‍ റഷീദ്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ രഞ്ജിനി കെ തുടങ്ങിയവര്‍ സംസാരിച്ചു.
















