
വടകര: വടകര പോലീസ് സ്‌റ്റേഷനു മുന്നിലിട്ട് എംഡിഎംഎ കേസിലെ പ്രതി കീര്‍ത്തനയെ കുത്തിയത് കൊല്ലാനുറച്ചെന്ന് പ്രതി ജിനീഷ്. പോലീസ് സ്‌റ്റേഷനില്‍ ഒപ്പിട്ട്
മടങ്ങുകയായിരുന്ന കീര്‍ത്തനയെ ഇയാള്‍ കത്തിയുമായി കാത്തിരുന്ന് അക്രമിക്കുകയായിരുന്നു. ദേഹമാസകലം കുത്തി വീഴ്ത്തിയ പ്രതിയെ ഓടിയെത്തിയ
പോലീസ് പിടികൂടി. അക്രമത്തിന് ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തു.
മരുതോങ്കര സ്വദേശി കീര്‍ത്തനയും ജീവിത പങ്കാളി പെരുവണ്ണാമുഴി തണ്ടോറപ്പാറ സ്വദേശി
ജിനീഷും (35) സ്വരചേര്‍ച്ചയിലായിരുന്നില്ല. ഇതിന്റെ തുടര്‍ച്ചയായാണ് അക്രമം. കൊല്ലാനുറച്ചാണ് എത്തിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
പോലീസ് സ്‌റ്റേഷനു തൊട്ടുമുമ്പില്‍ നടന്ന ഈ സംഭവം ഏവരേയും നടുക്കി. എംഡിഎംഎ
കേസിലെ മുഖ്യ പ്രതിയായ കീര്‍ത്തന ജാമ്യവ്യവസ്ഥ പ്രകാരം പോലീസ് സ്‌റ്റേഷനില്‍ ഒപ്പിട്ട് മടങ്ങുമ്പോഴാണ് അക്രമം. എല്ലാ ശനിയാഴ്ചയും പോലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണമെന്ന ഹൈക്കോടതി ഉത്തരവുണ്ട്. ഇതുപ്രകാരം രാവിലെ പത്ത് മണിയോടെ എത്തി ഒപ്പിട്ട് മടങ്ങുമ്പോള്‍ സ്റ്റേഷന് തൊട്ടടുത്തുള്ള വനിതാ സെല്ലിന് സമീപം വെച്ച് പ്രതി
കീര്‍ത്തനയെ തടഞ്ഞുനിര്‍ത്തി മാരകമായി ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് പോലീസും നാട്ടുകാരും ഓടിയെത്തി. സാരമായി പരിക്കേറ്റ കീര്‍ത്തനയെ വടകര ജില്ല ആശുപത്രിയില്‍ എത്തിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുടുംബപ്രശ്‌നത്താലുള്ള വിരോധം വെച്ച് കീര്‍ത്തനയെ കൊല്ലണമെന്ന ഉദ്ദേശത്തോടെ പ്രതി കത്തികൊണ്ട് തുടര്‍ച്ചയായി
കുത്തിപരിക്കേല്‍പിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. 118(1), 109(1) വകുപ്പുകള്‍ പ്രകാരം കൊലപാതക ശ്രമം ഉള്‍പെടെയുള്ള കുറ്റമാണ് പ്രതിയുടെ പേരില്‍ ചുമത്തിയിരിക്കുന്നത്. ആദ്യ വിവാഹം വേര്‍പിരിഞ്ഞ ശേഷം ജിനീഷിനൊപ്പം കഴിഞ്ഞുവരികയായിരുന്നു കീര്‍ത്തന. ഇയാള്‍ ബസ് ഡ്രൈവറാണ്. അക്രമം നടന്ന സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധര്‍ അടക്കമുള്ളവര്‍ പരിശോധന നടത്തി.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍
അഞ്ചിനായിരുന്നു കീര്‍ത്തനയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. നേരത്തെ ക്രിമിനല്‍ കേസുകളില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
അധ്യാപികമാരായിരുന്ന മൂന്നു പേരടങ്ങിയതാണ് കോളിളക്കം സൃഷ്ടിച്ച വടകര
എംഡിഎംഎ കേസ്.
വടകര സ്വദേശി പിടിയിലായതോടെയാണ് അധ്യാപകരെ ഇടനിലക്കാരാക്കിയുള്ള ലഹരിക്കേസ് പുറംലോകമറിയുന്നത്. പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷല്‍ എജ്യുക്കേറ്റര്‍ മരുതോങ്കര സ്വദേശി കീര്‍ത്തന (25), ചെരുവാളൂര്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ കാവ്യ (29), പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷല്‍ എജ്യുക്കേറ്റര്‍ ആവള കുട്ടോത്ത്
വലിയപറമ്പില്‍ വി.പി. നീഷ്മ (30), ഇരിട്ടി സ്വദേശിയും ഓണ്‍ലൈന്‍ ഡെലിവറി എജന്റുമായ ജിജില്‍ കുര്യാക്കോസ് (23), വടകര സ്വദേശി സഫ്വാന്‍ (30) എന്നിവരാണ് പിടിയിലായത്. കേസില്‍ അറസ്റ്റിലായതിന് പിന്നാലെ കീര്‍ത്തനയേയും കാവ്യയേയും നീഷ്മയേയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.















