
വടകര: ദേശീയപാത മുക്കാളിയില്‍ നാലാം തവണയും മണ്ണിടിഞ്ഞ സാഹചര്യത്തില്‍ അടിയന്തര നടപടി വേണമെന്ന് കെ.കെ. രമ എംഎല്‍എ. ഇന്നുണ്ടായ വലിയ ദുരന്തത്തില്‍
നിന്നു തലനാരിഴക്കു മാത്രമാണ് ആളുകള്‍ രക്ഷപ്പെട്ടത്. വിഷയം അതീവ ഗൗരവമായി കണ്ട് നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി സതീശനോടും പൊതുമരാമത്ത് മന്ത്രി പി.കെ ബഷീറിനോടും കെ.കെ രമ എംഎല്‍എ ആവശ്യപ്പെട്ടു. നാഷണല്‍ ഹൈവേ-66 അഴിയൂര്‍-വെങ്ങളം റീച്ച് പ്രോജക്ട് ഡയറക്ടറോട് മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും വിശദീകരണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇത് സാധാരണയായി സംഭവിക്കാറുള്ള സ്ലോപ്പ് ഫെയിലിയര്‍ ആണെന്നും ഗതാഗതം തടസ്സപ്പെട്ടിട്ടില്ലെന്നും ക്യാരേജ് വേയില്‍ നിന്നു വളരെ ദൂരെയാണ് മണ്ണിടിഞ്ഞതെന്നുമുള്ള നിരുത്തവാദപരമായ മറുപടിയാണ് നല്‍കിയത്. മുക്കാളിയില്‍ മണ്ണിടിഞ്ഞ സ്ഥലം സന്ദര്‍ശിക്കാതെയും അപകടത്തിന്റെ വ്യാപ്തി
മനസ്സിലാക്കാതെയും സംഭവത്തെ തീര്‍ത്തും നിസ്സാരവല്‍ക്കരിക്കുന്ന തരത്തില്‍ പച്ചക്കള്ളമാണ് പ്രൊജക്ട് ഡയറക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് മുഖ്യമന്ത്രിയെയും പൊതുമാരാമത്ത് മന്ത്രിയെയും ധരിപ്പിച്ചതായി എംഎല്‍എ പറഞ്ഞു. സംഭവത്തില്‍ വിശദമായ പരിശോധന നടത്താമെന്ന് മുഖ്യമന്ത്രിയും പൊതുമാരാമത്ത് മന്ത്രിയും ഉറപ്പുനല്‍കി.
മുക്കാളിയില്‍ നിരന്തരം മണ്ണിടിഞ്ഞ് അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ മുക്കാളി മേഖലയുടെ കാര്യത്തില്‍ വ്യക്തിപരമായി നേരിട്ട് ഇടപെടണമെന്നും പ്രത്യേക കേസ് ആയി പരിഗണിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല
ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് എംഎല്‍എ അടിയന്തര ഇ-മെയില്‍ സന്ദേശം അയച്ചു.















