മണിയൂര്‍: ഡയമണ്ട് മണിയൂര്‍ സംഘടിപ്പിച്ച ഒ.ടി.കേളുകുമാരി അമയ ബി.രാജ് മണ്ണില്‍
മെമ്മോറിയല്‍ സ്വര്‍ണ മെഡലിനായുള്ള ജില്ലാതല ചിത്രരചനാ മത്സരത്തില്‍ സൂര്യദേവ് കുറ്റ്യാടിയും ഇമ അനൂപ് കോഴിക്കോടും ജേതാക്കളായി. പ്രശസ്ത ചിത്രകാരനും നാടക
പ്രവര്‍ത്തകനുമായ ദിലീപ് കീഴൂര്‍ ഉദ്ഘാടനം ചെയ്തു. 150 ഓളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. സൂര്യദേവ് കുറ്റ്യാടി ഏറ്റവും നല്ല ചിത്രകാരനും ഇമ അനൂപ് കോഴിക്കോട് ഏറ്റവും നല്ല ചിത്രകാരിയുമായി. വൈകിട്ട് നടന്ന സമാപന പരിപാടിയില്‍ മണിയൂര്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ ദീപ.എന്‍.കെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് ഡയമണ്ട് മ്യൂസിക് ബാന്റിന്റെ ഉദ്ഘാടന കര്‍മം പ്രശസ്ത ഗായകനും സംഗീതാ അധ്യാപകനുമായ സുരേഷ്.കെ നിര്‍വഹിച്ചു. ഷിബു.എം.എം, രജീഷ്.എന്‍.കെ, സുനില്‍ മുതുവന, സുനില്‍ തുളസി എന്നിവര്‍ സംസാരിച്ചു. ഡയമണ്ട് വനിതാവേദിയുടെ തിരുവാതിര, മ്യൂസിക് ബാന്‍ഡിന്റെ ഗാനമേള എന്നിവ അരങ്ങേറി.















