തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ വ്യാജ വിവാഹ ആരോപണത്തിൽ കേസെടുത്ത് പൊലീസ്. റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിന്റെ വെളിപ്പെടുത്തലിന്റെ
അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാവ് രാജു പി. നായർ സംസ്ഥാന പൊലിസ് മേധാവിക്ക് നൽകിയ പരാതിയിലാണ് നടപടി. ആൻ്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിച്ചതിനാണ് കേസ്. ആൻ്റോ അഗസ്റ്റിൻ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ആന്റോ അഗസ്റ്റിനും മറ്റു രണ്ടുപേരും ഗൂഢാലോചന
നടത്തിയെന്നും അറിഞ്ഞുകൊണ്ട് വ്യാജരേഖ സൂക്ഷിച്ചു എന്നും എഫ്ഐആറിൽ പറയുന്നു.
കർണാടകയിലെ ബൈന്ദൂര് സബ് രജിസ്ട്രാർ ഓഫീസിൽ മുഖ്യമന്ത്രി രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തതായുള്ള രേഖകളുമായി രണ്ട് യുവാക്കൾ തന്നെ സമീപിച്ചിരുന്നു എന്നായിരുന്നു ആന്റോ അഗസ്റ്റിന്റെ വെളിപ്പെടുത്തൽ. വാർത്ത നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ എത്തിയതെങ്കിലും രേഖകളുടെ ആധികാരികത ബോധ്യപ്പെടാത്തതിനാൽ വാർത്ത നൽകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തുകയും വ്യാജരേഖകൾ നിർമിക്കുകയും ചെയ്ത യു
വാക്കളെ ഉടൻ കണ്ടെത്തണമെന്നും അവർക്കെതിരെ കേസെടുക്കണമെന്നും രാജു പി. നായരുടെ പരാതിയിൽ പറയുന്നു. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാനുമുള്ള ആസൂത്രിത ശ്രമമാണ് ഇതിന് പിന്നിലുള്ളതെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
















