
വടകര: രണ്ടു ദിവസത്തിനകം ചേരുന്ന ട്രാഫിക് റഗുലേറ്ററി യോഗം വരെ കൊയിലാണ്ടി, പേരാമ്പ്ര, കൊളാവിപ്പാലം ബസുകള്‍ പഴയ സ്റ്റാന്റില്‍ നിന്ന് സര്‍വീസ് നടത്തണമെന്ന റൂറല്‍
എസ്പി മെറിന്‍ ജോസഫിന്റെ അഭ്യര്‍ഥന മാനിച്ച് സമരം നിര്‍ത്തിവെക്കാന്‍ സംയുക്ത തൊഴിലാളി യൂനിയന്‍ നേതൃത്വം തീരുമാനിച്ചെങ്കലും തൊഴിലാളികള്‍ വഴങ്ങിയില്ല. ബസ് ഓടിക്കാന്‍ തൊഴിലാളികള്‍ തയ്യാറാകാത്തതിനാല്‍ ഈ റൂട്ടുകളില്‍ രണ്ടാം ദിവസമായ ചൊവ്വാഴ്ചയും സമരം തുടര്‍ന്നു. സ്റ്റാന്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരില്‍ വലയുന്നതാവട്ടെ വിദ്യാര്‍ഥികള്‍ ഉള്‍പെടെയുള്ള യാത്രക്കാരും.
എസ്പിയുടെ അഭ്യര്‍ഥന പ്രകാരം ചൊവ്വാഴ്ച മുതല്‍ ട്രാഫിക് റഗുലേറ്ററി യോഗം വരെ പഴയ
സ്റ്റാന്റില്‍ നിന്ന് സര്‍വീസ് നടത്താനാണ് എസ്പി ഓഫീസില്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗം തീരുമാനിച്ചത്. വടകര നഗരത്തിലെ ഗതാഗതകുരുക്കിന് കാരണവും പരിഹാരവും കണ്ടെത്താനുള്ള പരിശോധന പോലീസിന്റെ നേതൃത്വത്തില്‍ നടത്തുമെന്ന് എസ്പി ചര്‍ച്ചയില്‍ ഉറപ്പും നല്‍കി. യൂനിയന്‍ നേതാക്കളും ബസ് ഉടമസ്ഥ സംഘവും ചര്‍ച്ചയില്‍ പങ്കെടുത്ത് പിരിഞ്ഞെങ്കിലും ചൊവ്വാഴ്ച ജോലി ചെയ്യാന്‍ ബസ് തൊഴിലാളികള്‍ തയ്യാറായില്ല. വടകരയില്‍ നിന്ന് കൊയിലാണ്ടിക്കും പയ്യോളി-പേരാമ്പ്രക്കും കോട്ടക്കല്‍-കൊളാവിപ്പാലം റൂട്ടുകളില്‍ 68 ബസുകളാണ് സര്‍വീസ് നടത്തുന്നത്. ഇതിലെ തൊഴിലാളികളാണ് യൂനിയന്‍
നേതൃത്വത്തിന്റെയും പോലീസിന്റെയും തീരുമാനം മാനിക്കാതെ സമരം തുടരുന്നത്.
ദേശീയപാതയിലെ സര്‍വീസ് റോഡുകളില്‍ അനുഭവപ്പെടുന്ന ഗതാഗതകുരുക്കിന് പരിഹാരം കാണാതെ പഴയ സ്റ്റാന്റ് കേന്ദ്രമായി സര്‍വീസ് നടത്താന്‍ കഴിയില്ലെന്ന നിലപാട് തൊഴിലാളികള്‍ ആവര്‍ത്തിക്കുകയാണ്. ഗതാഗതകുരുക്കിലകപ്പെട്ട ശേഷം പഴയ സ്റ്റാന്റിലെത്തുന്ന ബസുകളിലെ ജീവനക്കാര്‍ക്ക് ഭക്ഷണം കഴിക്കാനോ പ്രാഥമിക കര്‍മം നിര്‍വഹിക്കാനോ കഴിയുന്നില്ലെന്നും ഈ സാഹചര്യത്തില്‍ ലിങ്ക് റോഡില്‍ തന്നെ പാര്‍ക്കിംഗ്
അനുവദിക്കണമെന്നുമാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.
അതേ സമയം എസ്പിയുടെ അഭ്യര്‍ഥന തള്ളിയ തൊഴിലാളികളുടെ നിലപാടില്‍ പോലീസില്‍ കടുത്ത അതൃപ്തിയുണ്ട്. തൊഴിലാളികളുടെ സമീപനത്തില്‍
ബസ് ഉടമകള്‍ നിസ്സഹായത പ്രകടിപ്പിച്ചു. ട്രാഫിക് റഗുലേറ്ററി യോഗം എന്ന് ചേരുമെന്ന് വ്യക്തമല്ല. ജനങ്ങളെ വലച്ച സമരത്തില്‍ നിന്ന് തൊഴിലാളികള്‍ പിന്മാറണമെന്ന ആവശ്യം ശക്തമാവുകയാണ്.
















