കക്കട്ടില്‍: വടകര ഗാന്ധി ഫെസ്റ്റ് ഫൗണ്ടേഷന്റെ നേതൃത്യത്തിലുള്ള ഗാന്ധി ഗ്രാമോത്സവത്തിന് കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിലെ വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്ററി
സ്കൂള്‍ വേദിയാകുന്നു. ഒക്ടോബര്‍ 10, 11 തിയ്യതികളിലായാണ് ഗ്രാമോത്സവം നടക്കുക. പ്രശ്നസങ്കീര്‍ണമായ സമകാലിക ഇന്ത്യന്‍ വ്യവസ്ഥയില്‍ ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ പ്രസക്തി പുതു തലമുറയെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗാന്ധി ഗ്രാമോത്സവം സംഘടിപ്പിക്കുന്നത്. എല്ലാവരും ഉള്‍ചേര്‍ന്ന ഇന്ത്യ എന്ന ഗാന്ധിയന്‍ സങ്കല്പ്പത്തിന് കരുത്തുപകരുക എന്നതാണ് പരിപാടിയുടെ പൊരുള്‍. ഇതിനായി വിപുലമായ സ്വാഗതസംഘത്തിന് രൂപം നല്കി. സ്വാഗതസംഘം രൂപീകരണയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ചന്ദ്രന് ഉദ്ഘാടനം ചെയ്തു. വടകര ഗാന്ധി ഫെസ്റ്റ് ഫൗണ്ടേഷന് ചെയര്മാന് മനയത്ത് ചന്ദ്രന് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ എന്‍.വി.ചന്ദ്രന്, എലിയാറ ആനന്ദന്, ഗാന്ധിയന്‍ പ്രഭാഷകനും ഗ്രന്ഥകാരനുമായ പി.ഹരീന്ദ്രനാഥ്, രാജഗോപാലന്‍ കാരപ്പറ്റ, സജീവന് മൊകേരി, ജയചന്ദ്രന് മൊകേരി, നാസര്‍ കക്കട്ടില്‍, ടി.നാരായണന്, ഓര്മ റഫീഖ്, വി.വി.വിനോദന്‍, നിലീയോട്ട് നാണു, വി.വി.പ്രഭാകരന്, വി.പി.കൃഷ്ണന്, പി.എം.നാണു, കെ.പി.രജീഷ് കുമാര്‍, കെ.കണ്ണന്, ആയിലോട്ട് രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ചന്ദ്രന് (ചെയര്മാന്), രാജഗോപാലന്‍ കാരപ്പറ്റ (കണ്‍വീനര്‍), ഓര്മ റഫീഖ് (ഖജാന്‍ജി). ജനറല്‍ കമ്മിറ്റികളും വിവിധ സബ് കമ്മിറ്റികളും രൂപവത്കരിച്ചു.















