
വടകര: വടകരയില്‍ നിന്ന് കൊയിലാണ്ടി, പേരാമ്പ്ര, കോട്ടക്കല്‍, കൊളാവിപ്പാലം റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ പതിനാലാം തിയ്യതി തിങ്കള്‍ മുതല്‍ പഴയ
സ്റ്റാന്റില്‍ നിന്നു സര്‍വീസ് ആരംഭിക്കണമെന്ന് വടകര ട്രാഫിക് എസ്‌ഐ അറിയിച്ചു. ഓണത്തിന് മുമ്പ് ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ദേശീയ പാതയിലെ ശോചനീയാവസ്ഥയും ഓണത്തിരക്കും കാരണം ഈ റൂട്ടുകളിലെ ബസുകള്‍ താല്‍കാലികമായി ലിങ്ക് റോഡിലേക്ക് മാറ്റിയതാണ്. എന്നാല്‍ ഓണത്തിന് ശേഷം എല്ലാ ബസുകളും പെര്‍മിറ്റ് അനുസരിച്ച് അടക്കാത്തെരു ജംഗ്ഷന്‍ വഴി മാര്‍ക്കറ്റ് റോഡ് വഴി സര്‍വീസ് നടത്തി പഴയ സ്റ്റാന്റില്‍ ആളെ ഇറക്കി ഇവിടെ നിന്നും ആളെ കയറ്റേണ്ടതുമാണെന്ന് പോലീസ് അറിയിച്ചു.
ബസ്സുടമകളും തൊഴിലാളികളും ആവശ്യപ്പെട്ട പ്രകാരം ദേശീയ പാതയില്‍ കരിമ്പനപ്പാലം
മുതലുളള സര്‍വ്വീസ് റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ച് റോഡ് ഗതാഗത യോഗ്യമാക്കിയതായും പോലീസ് അറിയിച്ചു. മാര്‍ക്കറ്റ് റോഡ് വഴി സര്‍വീസ് നടത്തുമ്പോള്‍ ഉണ്ടാകുന്ന ഗതാഗത പ്രശ്‌നത്തെപ്പറ്റി ഒരു വിഭാഗം ബസ് ജീവനക്കാര്‍ ഉന്നയിച്ച പ്രശ്‌നം അടുത്ത ദിവസം തന്നെ ട്രാഫിക് റഗുലേറ്ററി കമ്മറ്റി വിളിച്ചു ചേര്‍ത്ത് പരിഹാരം ഉണ്ടാക്കുമെന്നും അഞ്ചു വിളക്ക് ജംഗ്ഷന്‍ മുതല്‍ കോണ്‍വെന്റ് റോഡ് വരെയുള്ള ഭാഗത്ത് ഗതാഗത സ്തംഭനം ഒഴിവാക്കാന്‍ മതിയായ പോലീസിനെ നിയമിക്കുന്നതാണെന്നും അറിയിപ്പില്‍ പറഞ്ഞു.
















