വടകര: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മീത്തലെ മുക്കാളിയില്‍ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന സമരപ്പന്തല്‍ ഷാഫി
പറമ്പില്‍ എംപി സന്ദര്‍ശിച്ചു. പ്രദേശവാസികളുടെ ന്യായമായ ആവശ്യം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അടക്കമുള്ളവരുടെ ശ്രദ്ധയില്‍ പലതവണ പെടുത്തിയിട്ടുണ്ടെന്ന് എംപി വ്യക്തമാക്കി. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് കരാര്‍ കമ്പനികള്‍ നടത്തിയ പ്രവൃത്തികളില്‍ വലിയ തോതിലുള്ള അനാസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ സുരക്ഷയും യാത്രാസൗകര്യവും ഉറപ്പുവരുത്താന്‍ അധികൃതര്‍ തയ്യാറാകണമെന്നും അടിപ്പാത യാഥാര്‍ഥ്യമാക്കാന്‍ സാധ്യമായ എല്ലാ ഇടപെടലുകളും തുടരുമെന്നും അദ്ദേഹം സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി. സമരപ്പന്തലില്‍ ചേര്‍ന്ന യോഗത്തില്‍ സമരസമിതി ചെയര്‍മാന്‍ എം.വി.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ലീല, നേതാക്കളായ പി.ബാബുരാജ്, എ.സുരേഷ്, പ്രദീപ് ചോമ്പാല, പി.കെ.പ്രീത, ഇ.കെ.പുരുഷോത്തമന്‍, എ.ശിവദാസ്, കുന്നുമ്മല്‍ മോഹനന്‍, കുന്നുമ്മല്‍ ബ്രിജേഷ്, ഷംസീര്‍ ചോമ്പാല എന്നിവര്‍ സംസാരിച്ചു. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.















