
വടകര: വടകരയിലെയും പരിസര പ്രദേശങ്ങളിലെയും ഗായകരുടെ കൂട്ടായ്മയായ ‘വോയ്സ് ഓഫ് വടകര’ വാര്‍ഷികത്തോടനുബന്ധിച്ച് ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു.
വളര്‍ന്നുവരുന്ന പ്രതിഭകളെ കണ്ടെത്തി മികച്ച വേദി ഒരുക്കുന്നതിനായി നടത്തുന്ന മത്സരത്തിന്റെ പ്രാഥമിക ഓഡിഷന് 20-ന് വടകര ജൂബിലി കുളത്തിന് സമീപത്തെ ഗ്രീന്‍ ടെക്നോളജി സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്ന് തന്നെ മത്സരവും നടക്കും.
18 വയസ് വരെയും 59 വയസ് വരെയുമുള്ള രണ്ട് വിഭാഗങ്ങളിലായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. വിജയികള്‍ക്ക് യഥാക്രമം 15,000, 10,000, 5,000 രൂപ ക്യാഷ് പ്രൈസും മൊമെന്റോയും പ്രശസ്തിപത്രവും സമ്മാനിക്കും.
മടപ്പള്ളി കോളജ് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയായ ‘ഒരുമ അലുംനി’യുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 11ന് പ്രശസ്ത സംഗീത
സംവിധായകന് മോഹന്‍ സിത്താര ഉദ്ഘാടനം ചെയ്യുന്ന ‘ഒരുമ’യുടെ വാര്‍ഷിക പരിപാടിയില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് സെപ്റ്റംബര്‍ 18 വൈകീട്ട് 5 മണിക്ക് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷനും വിവരങ്ങള്‍ക്കും: 9947885211, 8075786732
വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ ബിന്ദു അരവിന്ദ്, സാജിദ് അലങ്കാര്‍, പവിത്രന് പല്ലവി, കെ.പി.എ. മനാഫ് എന്നിവര്‍ പങ്കെടുത്തു.
















