കോഴിക്കോട്: നിപ രോഗബാധിതന്റെ സമ്പര്‍ക്ക പട്ടികയില്‍ നിന്ന് നിരീക്ഷണത്തിനായി ഇന്ന് ആശുപത്രിയില്‍ ആരെയും പ്രവേശിപ്പിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കപട്ടികയില്‍ നിന്ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നു ഇതുവരെ പരിശോധിച്ച
എല്ലാവരുടെയും സാമ്പിള്‍ ഫലം നെഗറ്റീവ് ആണ്. രോഗബാധിതന്റെ സമ്പര്‍ക്ക പട്ടികയില്‍ ഇന്ന് പുതുതായി ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ 104 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇത് 4 പേര്‍ വളരെ ഉയര്‍ന്ന റിസ്‌ക് ഭാഗത്തില്‍പ്പെട്ടവരും 14 പേര്‍ ഉയര്‍ന്ന ഭാഗത്തില്‍ പെട്ടവരും 86 പേര്‍ കുറഞ്ഞ റിസ്‌ക് ഭാഗത്തില്‍പ്പെട്ടവരും ആണ്. നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികിത്സ തുടരുകയാണ്. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷന്‍ 5 ലെ 49 വീടുകളില്‍ കൂടി ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് സന്ദര്‍ശനം നടത്തി. സംശയ നിവാരണത്തിനായി ഇതുവരെ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ പൊതുജനങ്ങളില്‍ നിന്നുള്ള 91 ഫോണ്‍വിളികള്‍ എത്തിയിട്ടുണ്ട്. സമ്പര്‍പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവരെയും ഇന്നും ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടിരുന്നു. ജില്ലാ മാനസിക ആരോഗ്യ പരിപാടിയുടെ ഭാഗമായി ഇതുവരെ 125 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തു.















