
വടകര: സ്വധര്‍മവേദി ചാരിറ്റബിള്‍ ട്രസ്റ്റും ഇരിങ്ങല്‍ പപ്പന്‍ മെമ്മോറിയല്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് കരിയര്‍ അക്കാദമിയും (ഐപിഎം) സംയുക്തമായി സംഘടിപ്പിച്ച ഒരാഴ്ചത്തെ യോഗ
പരീശിലന ശിബിരം അന്താരാഷ്ട്ര യോഗ ദിനത്തില്‍ സമാപിച്ചു. സമാപന സമ്മേളനം ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. യോഗ ജീവിതചര്യയുടെ അവിഭാജ്യഘടകമാക്കി മാറ്റണമെന്നു ഗോകുലം ഗോപാലന്‍ പറഞ്ഞു. വ്യായാമം, ഭക്ഷണം, വിശ്രമം എന്നിവ തുല്യമായി ആചരിക്കുക വഴി ആരോഗ്യകരമായ ജീവിതം ഉറപ്പുവരുത്താം. ഇതിന് യോഗയും മറ്റു വ്യായാമങ്ങളും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ അഭിമാന താരമായിരുന്ന ഇരിങ്ങല്‍ പപ്പന്റെ സ്മാരകമായ
ഐപിഎം അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ ഗോകുലം ഗോപാലന്‍ അഭിനന്ദിച്ചു.
യോഗ ഫോര്‍ ഹെല്‍ത്തി ഏജിങ് എന്ന സന്ദേശവുമായി 10 നും 80 നും ഇടയില്‍ പ്രായമുള്ള നൂറോളം പേര്‍ പങ്കെടുത്ത യോഗ പരിശീലനം ഒരാഴ്ചയായി ഐപിഎം അക്കാദമിയില്‍ നടക്കുകയായിരുന്നു. യോഗാചാര്യന്‍ ശശി തരിപ്പയിലും ശ്രീജ ശശിയും പരിശീലനത്തിന് നേതൃത്വം നല്‍കി.
ഐപിഎം ക്യാമ്പസ് ഡയറക്ടര്‍ പ്രസാദ് കൊടുവട്ടാട്ട് അധ്യക്ഷത വഹിച്ചു. രഞ്ജുമോന്‍ കെ, ശ്രീജ ശശി, വി പി രാജു, സുബേദാര്‍ പി വി മുകുന്ദന്‍, രവി വള്ളിക്കാട് എന്നിവര്‍ സംസാരിച്ചു. സുഭാഷ് ചന്ദ്രന്‍ സ്വാഗതവും സുഗുണേഷ് കുറ്റിയില്‍ നന്ദിയും പറഞ്ഞു.
















