
കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മയില്‍ ഉടലെടുത്ത തര്‍ക്കങ്ങള്‍ക്ക് പിന്നാലെ നടി ശ്വേത മേനോന്‍ പ്രസിഡന്റായ ഭരണസമിതി രാജിവെച്ചു. വാര്‍ഷിക ജനറല്‍
ബോഡി യോഗത്തിലെ തര്‍ക്കങ്ങള്‍ക്ക് പിന്നാലെയാണ് നാടകീയമായ രാജി. ചുമതലയേറ്റെടുത്ത് ഒരു വര്‍ഷം പോലും തികയ്ക്കാതെയാണ് രാജി. ഭരണസമിതിയിലെ എല്ലാ അംഗങ്ങളും രാജിവെച്ചു. ഇനി സംഘടനയുടെ ചുമതല വീണ്ടും അഡ്ഹോക് കമ്മിറ്റിയുടെ കൈകളിലേക്കെത്തും.
നിലവിലെ ഭരണസമിതിക്കെതിരെ അമ്മയിലെ അംഗങ്ങളില്‍ ഭൂരിപക്ഷം പേരും അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് രാജിയുടെ വക്കിലേക്ക് കാര്യങ്ങള്‍ എത്തിയത്. ഭരണസമിതി അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലും തര്‍ക്കങ്ങള്‍ ഉയര്‍ന്നിരുന്നു.
ഭരണസമിതിക്കെതിരെ ഒരു വിഭാഗം അവിശ്വാസ പ്രമേയ രേഖ തയ്യാറാക്കിയെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. നേതൃത്വം സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ആരോപണം. ഐഎഫ്എഫ്കെയില്‍ മദ്യം വിളമ്പി പാര്‍ട്ടി നടത്തിയത് ആരുടെ അനുമതിയോടെയാണെന്നും സൗജന്യ വേദി ലഭ്യമായിരിക്കെ നാല് ലക്ഷം രൂപ ചെലവാക്കി പുതിയ വേദി എന്തിന് തെരഞ്ഞെടുത്തുവെന്നുമുള്ള കടുത്ത ആരോപണങ്ങള്‍ നേതൃത്വത്തിന് നേരെ ഉയരുന്നുണ്ടെന്നാണ് വിവരം. വാര്‍ഷിക കണക്കവതരണവുമായി ബന്ധപ്പെട്ടും വലിയ രീതിയിലുള്ള ചര്‍ച്ചകളും വിമര്‍ശനങ്ങളുമുണ്ട്.
















