
ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡ് ആയതിന് പിന്നാലെ ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി). നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയത്തില്‍
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ ക്യാമ്പയിന് സിജെപി തുടക്കമിട്ടു. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന ക്യാമ്പയിന്‍ വളരെ പെട്ടെന്നാണ് വിദ്യാര്‍ഥികളും യുവാക്കളും ഏറ്റെടുത്തിരിക്കുന്നത്. യുവത ഉണര്‍ന്നു, നീതി വേണം എന്ന മുദ്രാവാക്യമാണ് ക്യാമ്പയിനില്‍ ഉയര്‍ത്തുന്നത്.
അതേ സമയം ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളെ തുടര്‍ന്നാണ് സിജെപിയുടെ എക്സ് അക്കൗണ്ട് ഇന്ത്യയില്‍ നിരോധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് ബ്യൂറോയുടെ അഭിപ്രായത്തില്‍ കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണ് എക്സ് അക്കൗണ്ട് നിരോധിച്ചതെന്ന് ദേശീയ മാധ്യമമായ ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐടി ആക്ടിലെ വകുപ്പ് 69 (എ) പ്രകാരം ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് എക്സിന്
നിര്‍ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും നിരോധിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
സര്‍ക്കാരിന്റെ ആവശ്യപ്രകാരം സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വീണ്ടും റദ്ദാക്കിയാല്‍ കടുത്ത പ്രതിരോധം ഉയര്‍ത്തുമെന്നാണ് സിജെപി സ്ഥാപകന്‍ അഭിജീത്ത് ദീപ്‌ക്കെ വ്യക്തമാക്കുന്നത്. സിജെപിയുടെ ഔദ്യോഗിക പേജുകള്‍ക്ക് പുറമേ നിരവധി മറ്റ് പേജുകളും നിര്‍മിക്കപ്പെടുന്നുണ്ട്. കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളും പാട്ടുകളുമായാണ് ഇവ പുറത്തിറക്കുന്നത്.
















