
കോഴിക്കോട്: ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദ് റിയാസ് ജയിച്ചാല്‍ മൊട്ടയടിച്ച് കമ്മലിട്ട് കോഴിക്കോട് അങ്ങാടിയില്‍ നടക്കുമെന്ന്
യുഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വര്‍. റിയാസ് ജയിച്ചാല്‍ കോഴിക്കോട്ടെ കിഡ്‌സണ്‍ കോര്‍ണര്‍ മുതല്‍ എസ്എം സ്ട്രീറ്റ് വഴി റെയില്‍വേ സ്റ്റേഷന്‍ വരെ നടക്കും. സമാനമായ വെല്ലുവിളി ഏറ്റെടുക്കാന്‍ മുഹമ്മദ് റിയാസ് തയ്യാറുണ്ടോ എന്നും പി വി അന്‍വര്‍ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ രീതികളും അദ്ദേഹത്തിന്റെ മരുമകന്‍ മുഹമ്മദ് റിയാസ് പാര്‍ട്ടിയില്‍ നടത്തുന്ന അനാവശ്യ ഇടപെടലുകളുമാണ് സിപിഎമ്മിനെ തകര്‍ക്കുന്നതെന്നും അന്‍വര്‍ ഫറോക്കില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശിച്ചു.
റിയാസ് വലിയ വിജയപ്രതീക്ഷ പുലര്‍ത്തുമ്പോഴും, മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകള്‍ തനിക്ക് അനുകൂലമാകുമെന്നാണ് അന്‍വര്‍ അവകാശപ്പെടുന്നത്. ഇത്തവണത്തെ
തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും ഭരണവിരുദ്ധ വികാരം ശക്തമാണെന്നും അദ്ദേഹം ആരോപിച്ചു. ഇടതുപക്ഷത്തെ തകര്‍ക്കുന്നത് മുഹമ്മദ് റിയാസിന്റെ പാര്‍ട്ടിയിലെ അപ്രമാദിത്വമാണെന്ന് പറഞ്ഞ അദ്ദേഹം പാര്‍ട്ടിയെ മുഹമ്മദ് റിയാസ് ഹൈജാക്ക് ചെയ്തുവെന്നും കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തെ മുഴുവന്‍ ഹൈജാക്ക് ചെയ്ത്, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണത്തില്‍ മാത്രമുള്ള ഒരു സംവിധാനമായി പാര്‍ട്ടിയെ മാറ്റാന്‍ റിയാസ് ശ്രമിച്ചുവെന്നും ഇതിന് പാര്‍ട്ടി സെക്രട്ടറി വളം വെച്ചു കൊടുത്തു എന്നും അന്‍വര്‍ കുറ്റപ്പെടുത്തി. പാര്‍ട്ടിക്കുള്ളിലെ കുടുംബാധിപത്യം കാരണം അണികള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ടെന്നും ഇത് വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബംഗാളിലെയും ത്രിപുരയിലെയും പോലെ കേരളത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധഃപതനത്തിന്റെ പാതയിലാണെന്നും അന്‍വര്‍ മുന്നറിയിപ്പ് നല്‍കി.















