ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിക്ക് ഒരു കാരണവശാലും അവധി കൊടുക്കില്ലെന്ന മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശത്തില്‍ കുട്ടനാട്ടില്‍ പ്രതിഷേധം. ചമ്പക്കുളത്ത് മുഖ്യമന്ത്രി
വി.ഡി.സതീശന്റെ കോലം കത്തിച്ചു. മൂലം ജലോത്സവം ഫാന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വള്ളംകളി നടക്കുന്ന തിങ്കളാഴ്ച കുട്ടനാടിന് പ്രാദേശിക അവധി നല്‍കണമെന്ന് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍ നിയമസഭയില്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു. പരിഗണിക്കാമെന്ന് ഔദ്യോഗിക മറുപടി നല്‍കിയ മുഖ്യമന്ത്രി സീറ്റിലിരുന്ന ശേഷം ഒരുകാരണവശാലും അവധി കൊടുക്കില്ലെന്ന് പറഞ്ഞതാണ് വിവാദമായത്. മൈക്ക് ഓഫാണെന്ന് കരുതിയായിരുന്നു മുഖ്യമന്ത്രിയുടെ അടക്കം പറച്ചില്‍.
മുഖ്യമന്ത്രി പറഞ്ഞ രഹസ്യം വീഡിയോ ദൃശ്യങ്ങളടക്കം പുറത്ത് വന്നതോടെയാണ് വ്യാപക പ്രതിഷേധം ഉയര്‍ന്നത്. ചമ്പക്കുളം മൂലം വള്ളംകളി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ജി.അരുണ്‍കുമാര്‍, മുന്‍ എംഎല്‍എ കെ.കെ.ഷാജു എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. മുഖ്യമന്ത്രിയുടേത് ധിക്കാരപൂര്‍വമായ സമീപനമാണെന്നും കുട്ടനാടന്‍ ജനതയെ മുഴുവര്‍ ഇതിലൂടെ അപമാനിച്ചെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്നാണ് മൂലം ജലോത്സവം ഫാന്‍സ് ക്ലബിന്റെ ആവശ്യം.















