തിരുവനന്തപുരം: ജനവിധി ആര്‍ക്ക് അനുകൂലമെന്നറിയാന്‍ കാത്തിരിക്കേണ്ടത് 24 ദിനങ്ങള്‍. മേയ് നാലിനാണ് വോട്ടെണ്ണല്‍. 2021ല്‍ കാത്തിരിപ്പ് ഒരു ദിവസം കൂടുതലായിരുന്നു.
ഏപ്രില്‍ ആറിന് വോട്ടെടുപ്പും മേയ് രണ്ടിന് വോട്ടെണ്ണലും.
വോട്ടെടുപ്പ് കഴിഞ്ഞുള്ള കൂട്ടിക്കിഴിക്കലിലാണ് മൂന്ന് മുന്നണികളും. ഇത് ഇന്നും നാളെയുമായി നടക്കും. പോള്‍ ചെയ്തതില്‍ ഉറപ്പുള്ളതും ഉറപ്പാക്കിയതുമായ വോട്ടുകളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍. തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കാവുന്ന വോട്ടുകളുടെ ഒരുപരിധിവരെയുള്ള തിട്ടപ്പെടുത്തല്‍ ഇതിലൂടെ സാധ്യമാവും. പക്ഷേ, ഈ കണക്കുകള്‍ അപ്പാടെ തെറ്റിയ തെരഞ്ഞെടുപ്പുകളുമുണ്ട്.
ഉയര്‍ന്ന വോട്ടിംഗ് ശതമാനം
എല്‍ഡിഎഫിന് അനുകൂലമെന്നാണ് സിപിഎം പറയുന്നത്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറയുന്നത് പ്രകാരം എല്‍ഡിഎഫ് വോട്ടുകള്‍ ഭൂരിഭാഗവും ഉച്ചയ്ക്ക് മുമ്പു തന്നെ കയറിയിട്ടുണ്ട്. നൂറിലേറെ സീറ്റ് യുഡിഎഫിന് ലഭിക്കുമെന്നാണ് വിഡി സതീശന്റെ പ്രതികരണം. മൂന്നുമാസത്തിനിടെ നാലു തവണ കേരളത്തില്‍ ഉടനീളം താന്‍ സഞ്ചരിച്ചിരുന്നു. അതിന്റെ വെളിച്ചത്തിലാണ് പറയുന്നതെന്നും ജനവികാരത്തെ കുറിച്ച് നല്ല
ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കനത്ത ചൂടിനെ അവഗണിച്ചാണ് ജനങ്ങള്‍ പോളിങ് ബൂത്തിലേക്ക് ഒഴുകിയെത്തിയത്. വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പായതിനാല്‍ സ്വാഭാവിക വര്‍ധനവാണ് ഉണ്ടായതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
















