
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനായി ജില്ലയിലെ വോട്ടര്‍മാര്‍ ബൂത്തിലേക്ക്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ആറുമണിക്ക് വരിയിലുള്ളവര്‍ക്കെല്ലാം വോട്ട്
ചെയ്യാന്‍ അവസരമുണ്ടാകും. 13,04,604 പുരുഷന്മാരും 13,64,182 സ്ത്രീകളും 31 ട്രാന്‍സ്ജെന്‍ഡറുകളും ഉള്‍പ്പെടെ 26,68,817 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. 100 സ്ഥാനാര്‍ഥികളാണ് ജില്ലയില്‍നിന്ന് ജനവിധി തേടുന്നത്.
13 നിയോജക മണ്ഡലങ്ങളിലെ 2,837 പോളിങ് സ്റ്റേഷനുകളിലേക്കായി 20 ശതമാനം റിസര്‍വ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ 13,218 പേരെയാണ് തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചത്. ഒരോ ബൂത്തുകളിലും പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍, രണ്ട് പോളിങ്
ഓഫീസര്‍മാര്‍ എന്നിവരാണ് ഉണ്ടാവുക. കൂടാതെ പ്രശ്നബാധിത ബൂത്തുകളില്‍ മൈക്രോ ഒബ്സര്‍വര്‍മാരുമുണ്ടാകും. ജില്ലയിലെ പ്രശ്നസാധ്യതാ ബൂത്തുകളില്‍ പ്രത്യേക സുരക്ഷയൊരുക്കിയിട്ടുണ്ട്. പോലീസും കേന്ദ്ര സേനാംഗങ്ങളും സുരക്ഷാ ചുമതലയിലുണ്ടാകും. ഭിന്നശേഷിക്കാര്‍ക്കും 85 വയസ്സ് പിന്നിട്ടവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ വീല്‍ചെയര്‍ സൗകര്യവും വീട്ടില്‍നിന്ന് പോളിങ് സ്റ്റേഷനിലെത്തിച്ച് തിരികെ എത്തിക്കുന്നതിനുള്ള വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്. വോട്ടര്‍മാരെ സഹായിക്കാന്‍ എന്‍.എസ്.എസ്, എന്‍.സി.സി സന്നദ്ധപ്രവര്‍ത്തകരും പോളിങ്
സ്റ്റേഷനുകളിലുണ്ടാകും. വോട്ട് ചെയ്യുന്ന സമയത്ത് മൊബൈല്‍ ഫോണുകള്‍ സുരക്ഷിതമായി വെക്കാന്‍ മൊബൈല്‍ ഡെപ്പോസിറ്റ് സൗകര്യവും ബൂത്തുകളിലുണ്ട്.
മാതൃകാ പോളിങ് സ്റ്റേഷനുകള്‍ക്ക് പുറമെ പോളിങ് ഉദ്യോഗസ്ഥരായി വനിതകള്‍ മാത്രമുള്ള 67 പിങ്ക് പോളിങ് സ്റ്റേഷനുകള്‍ ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ കാരപ്പറമ്പ് ഹൈസ്‌കൂളിലെ 48ാം നമ്പര്‍ ബൂത്ത് ഭിന്നശേഷിക്കാര്‍ നിയന്ത്രിക്കുന്ന ഏക പോളിങ് സ്റ്റേഷനാണ്.
തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളും മറ്റു പോളിങ് സാമഗ്രികളും ബുധനാഴ്ച (ഏപ്രില്‍ 8) വിവിധ വിതരണ-സ്വീകരണ കേന്ദ്രങ്ങളില്‍നിന്ന് ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങുകയും അതത്
പോളിങ് ബൂത്തുകളില്‍ എത്തിക്കുകയും ചെയ്തിരുന്നു. വോട്ടെടുപ്പിന് ശേഷം ഇതേ കേന്ദ്രങ്ങളില്‍ തന്നെ പോളിങ് സാമഗ്രികള്‍ തിരിച്ചേല്‍പ്പിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് നടത്തുക.
എല്ലാ ബൂത്തിലും വെബ്കാസ്റ്റിങ് സംവിധാനം
കള്ളവോട്ട്, ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ളവ തടയുന്നതിനായി ജില്ലയിലെ എല്ലാ ബൂത്തുകളിലും അകത്തും പുറത്തും വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. വോട്ട് ചെയ്യാനെത്തുന്നയാള്‍ ബൂത്തില്‍ പ്രവേശിക്കുന്നത് മുതല്‍ പുറത്തിറങ്ങുന്നത് വരെയുള്ള വോട്ടെടുപ്പിന്റെ മുഴുവന്‍ ദൃശ്യങ്ങളും സി.സി.ടി.വി ക്യാമറ വഴി കലക്ടറേറ്റിലെ കണ്‍ട്രോള്‍
റൂമില്‍നിന്ന് തത്സമയം നിരീക്ഷിക്കും. ഇതിന് പുറമെ വടകര നിയമസഭ മണ്ഡലത്തില്‍ മാത്രം വരണാധികാരി മേല്‍നോട്ടം വഹിക്കുന്ന മറ്റൊരു കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കും.
പോളിങ് ചുമതലയുള്ള ജീവനക്കാര്‍ക്ക് അവര്‍ ജോലിചെയ്യുന്ന നിയോജകമണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ 14 വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളും (വി.എഫ്.സി) അവശ്യസേവന വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്വന്തം നിയോജകമണ്ഡലങ്ങളില്‍ച്ചെന്ന് വോട്ടുചെയ്യാന്‍ 14 പോസ്റ്റല്‍ വോട്ടിങ് സെന്ററുകളും (പി.വി.സി) പോളിങ് ഡ്യൂട്ടി ഇല്ലാത്ത മറ്റ് തിരഞ്ഞെടുപ്പ് ജോലികള്‍ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യുന്നതിനായി ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ഡെസിഗ്‌നേറ്റഡ് വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററും ഒരുക്കിയിരുന്നു. 85
വയസ്സിന് മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി ജില്ലയില്‍ ഒരുക്കിയ ‘വീട്ടില്‍ വോട്ട്’ സംവിധാനത്തിലൂടെ 18,462 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 85 വയസ്സിന് മുകളിലുള്ള 11,796 പേരും ഭിന്നശേഷിക്കാരായ 6,666 പേരുമാണ് ഇങ്ങനെ വോട്ട് വോട്ട് ചെയ്തത്.
മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
വോട്ടെടുപ്പിന് ശേഷം വടകര, നാദാപുരം, കുറ്റ്യാടി മണ്ഡലങ്ങളിലെ വോട്ടിങ് മെഷീനുകള്‍ മടപ്പള്ളി ഗവ. കോളജിലും തിരുവമ്പാടി, കൊടുവള്ളി മണ്ഡലങ്ങളിലേത് കൂടത്തായി സെന്റ് മേരീസ് എച്ച്എസ്എസിലും സജ്ജമാക്കിയ സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും. ബാക്കി മണ്ഡലങ്ങളിലെ വോട്ടിങ് മെഷീനുകള്‍ വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാം സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും. മടപ്പള്ളി ഗവ. കോളജ്, കൂടത്തായി സെന്റ് മേരീസ് എച്ച്.എസ്.എസ്, വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാം എന്നിവയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.
















