
കുടക്: കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശി ശരണ്യയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. ശരണ്യയെ കാണാതായിട്ട് നാലുദിവസമായ
പശ്ചാത്തലത്തില്‍ തെരച്ചില്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് വനംവകുപ്പും പോലീസും. ഇതിനായി കൂടുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യയുടെ സഹായം അടക്കം തേടി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി ഇന്ന് തന്നെ ശരണ്യയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇന്ന് ശുഭവാര്‍ത്ത കേള്‍ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍.
രണ്ടാം തീയതി വ്യാഴാഴ്ച ഉച്ചമുതലാണ് ശരണ്യയെ കാണാതായത്. എറണാകുളത്ത് സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറായ ശരണ്യ (31) തനിച്ചാണ് കുടകിലെത്തിയത്. കുടകിലെ
ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറാനെത്തിയതായിരുന്നു ശരണ്യ. ഇതിന്റെ മുകളില്‍ എത്തിയാല്‍ കുടകിന്റെ ഭംഗി പൂര്‍ണമായി ആസ്വദിക്കാന്‍ കഴിയുമെന്നതിനാല്‍ നിരവധിപ്പേരാണ് ഓരോ ദിവസവും ഇവിടെ എത്തുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത് ആദ്യമായാണ് ഇവിടെ ട്രക്കിങ്ങിനിടെ ഒരാളെ കാണാതാവുന്നതെന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കൊച്ചിയില്‍ നിന്ന് കുടകിലെത്തിയ ശരണ്യ യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്. അന്നേദിവസം രാവിലെ 8.15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ട്രക്കിങ് ആരംഭിച്ചത്. കാട്ടാന ശല്യമുള്ളതിനാല്‍ മറ്റ് 10 പേര്‍ അടങ്ങുന്ന സംഘത്തിനൊപ്പം പോകാന്‍ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ
ഒപ്പമുണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ സിഗ്നല്‍ നഷ്ടപ്പെട്ടു. ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും ചെയ്തു.
പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും അടക്കം 60 പേരാണ് തെരച്ചില്‍ നടത്തുന്നത്. നാലു സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചില്‍ നടക്കുന്നത്. ഡ്രോണുകളും സ്നിഫര്‍ നായകളെയും ഉപയോഗിച്ച് വനത്തിന് അകത്തും മറ്റ് വഴികളിലും പരിശോധന നടത്തുന്നുണ്ട്. കനത്ത കാടും പ്രതികൂലമായ കാലാവസ്ഥയും തെരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്.
















