ആലപ്പുഴ: സംസ്ഥാനത്ത് യുഡിഎഫിന് മുന്‍തൂക്കമുണ്ടെന്നും എന്നാല്‍ കഴിഞ്ഞ തവണത്തെ പോലെ വിജയം ലഭിക്കില്ലെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ആലപ്പുഴയില്‍ ശോഭ സുരേന്ദ്രന് കൂടുതല്‍ വോട്ട് നേടിയാല്‍ ഗുണം എഎം ആരിഫിനായിരിക്കും. തെരഞ്ഞെടുപ്പ് ദിനത്തില്‍ ഇപി-ജാവ്ദേക്കര്‍ കൂടിക്കാഴ്ച വിവാദമാകുന്നത് ഒഴിവാക്കാമായിരുന്നു. ഇപി ജയരാജന് സീനിയര്‍ നേതാവാണ്. രാഷ്ട്രീയ നേതാക്കള്‍ പരസ്പരം കാണാറുണ്ട്. പക്ഷെ കാണുന്ന സമയവും രീതിയും പ്രധാനമാണ്. പാര്‍ട്ടിയില്‍ പറഞ്ഞിട്ടാണ് ജാവ്ദേക്കറെ കണ്ടതെങ്കില്‍ തെറ്റില്ല. എന്നാല്‍ പാര്‍ട്ടിയില്‍ അത് പറഞ്ഞിട്ടില്ലെങ്കില്‍ അത് പാര്‍ട്ടി നയം അനുസരിച്ച് തെറ്റ് തന്നെയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇപി ജയരാജന് എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ രണ്ടടി പിന്നോട്ടാണെന്നും വെള്ളാപ്പള്ളി നടേശന് വിമര്‍ശിച്ചു. അത്ര ശക്തമായി നിലപാട് ഒന്നും പറഞ്ഞിട്ടില്ല. അതിന് കാരണം റിസോര്‍ട്ട് വിവാദമായിരിക്കാം. തൃശ്ശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല. അവിടുത്തെ കാര്യം തനിക്ക് അറിയാം. സുരേഷ് ഗോപി രാഷ്ട്രീയക്കാരനല്ല. അതിന്റെ എല്ലാ കുഴപ്പവും അവിടെ സംഭവിച്ചിട്ടുണ്ട്.
എന്‍ഡിഎ കേരളത്തില്‍ ഇത്തവണ കൂടുതല്‍ വോട്ട് നേടും. മൂന്ന് മുന്നണികള്‍ക്കും ന്യൂനപക്ഷം മതിയെന്ന സ്ഥിതിയായിരുന്നു. ന്യൂനപക്ഷ പ്രീണനത്തിന് മൂന്ന് മുന്നണികളും പരസ്പരം മത്സരിച്ചു. തുഷാര്‍ വെള്ളപ്പള്ളിയോട് മത്സരിക്കേണ്ട എന്നാണ് താന്‍ പറഞ്ഞത്. തുഷാറിന് ഈഴവ വോട്ടുകള്‍ മുഴുവനായി കിട്ടാന്‍ ഒരു സാധ്യതയുമില്ല. മുന്നണി നിര്‍ദ്ദേശം പാലിച്ചാണ് തുഷാര്‍ മത്സരത്തിന് ഇറങ്ങിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.