കൊയിലാണ്ടി: ദേശത്തിന്റെ പെരുമ കാത്തു പോരുന്ന ഭക്തജനങ്ങളുടെ ഐശ്വര്യവും പുണ്യവുമായ കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് തുടക്കമായി. ഉത്തര കേരളത്തിലെ പ്രസിദ്ധമായ ക്ഷേത്രോത്സവത്തിന് നാന്ദികുറിച്ചുകൊണ്ട് വാനില്‍ കൊടി ഉയര്‍ന്നു. ഇനി എട്ടുനാള്‍ ഈ ദേശം കാളിയാട്ടമെന്ന ഉത്സവ മാമാങ്കത്തിലമരും.
ധാരാളം ഭക്തജനങ്ങളെ സാക്ഷിയാക്കിയായിരുന്നു രാവിലെ കൊടിയേറ്റം. 45 കോല് നീളമുള്ള മുളയില്‍ 21 മുഴം കൊടിക്കൂറയാണ് ഉയര്‍ന്നത്. മേല്‍ശാന്തി ക്ഷേത്രത്തില്‍ പ്രവേശിച്ച ശേഷം പുണ്യാഹ ചടങ്ങുകള്‍ക്ക് പിന്നാലെയായിരുന്നു കൊടിയേറ്റം. തുടര്‍ന്ന് ആചാരവെടികള്‍ മുഴങ്ങി. കൂടി നിന്ന ഭക്തജനങ്ങള്‍ തൊഴുതു വണങ്ങി. പൂജാ ചടങ്ങുകള്‍ കഴിഞ്ഞതോടെ കാഴ്ചശീവേലിയും തുടങ്ങി.
കൊല്ലം കൊണ്ടാടുംപടി ക്ഷേത്രത്തില്‍ നിന്നു ആദ്യ അവകാശവരവ് പിഷാരികാവില്‍ എത്തിച്ചേരും. തുടര്‍ന്ന് കുന്ന്യോറ മല ഭഗവതി ക്ഷേത്രം, പണ്ടാരക്കണ്ടി, കുട്ടത്ത് കുന്ന്, പുളിയഞ്ചേരി എന്നിവിടങ്ങളില്‍ നിന്നും ഭക്തി സാന്ദ്രമായ വരവുകള്‍ ക്ഷേത്രസന്നിധിയില്‍ എത്തുന്നതോടെ ക്ഷേത്രവും പരിസരവും ഭക്തി സാന്ദ്രമാകും. ക്ഷേത്രചടങ്ങുകള്‍ക്ക് ഒപ്പം കലാവിരുന്നുമുണ്ട്. ഇന്ന് രാത്രി ഏഴിന് കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന മിഴാവ് തായമ്പകയും നൃത്തസന്ധ്യയും അരങ്ങേറും. ഏപ്രില്‍ അഞ്ചുവരെ ഈ നാട് ഉത്സവത്തിന്റെ ആഘോഷത്തിമിര്പിലമരും.
-സുധീര്‍ കൊരയങ്ങാട്