വടകര: ഹണി ട്രാപ്പില്‍ അകപ്പെട്ട മധ്യവയസ്കനെ കോഴിക്കോട് റൂറല്‍ ടെലികമ്യൂണിക്കേഷന്‍ ഇന്‍സ്പെക്ടറുടെ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. പാലക്കാട് കോങ്ങാട് പെഴുങ്കര മുഹമ്മദ് ഹാരിഫിനെയാണ് (19) ജില്ലാപോലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാറിന്റെ നിര്‍ദേശ പ്രകാരം സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.പി.വിനീഷ് കുമാര്‍ അറസ്റ്റ് ചെയ്തത്.
ടെലികമ്യൂണിക്കേഷന്‍ ഇന്‍സ്പെക്ടറുടെ ഫോട്ടോ ഗൂഗിളില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്ത് വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച് ഇന്‍സ്പെക്ടര്‍ ആണെന്ന വ്യാജേന ഭീഷണിപ്പെടുത്തി 45,000 രൂപ തട്ടിയെടുക്കുകയായിരുന്നു.
സംഭവത്തിന്റെ മുഖ്യ ആസൂത്രകന്‍ 16 വയസുള്ള വിദ്യാര്‍ഥിയാണെന്ന് തെളിഞ്ഞു. സഹപാഠികളായ വിദ്യാര്‍ഥിനികളുടെ വോയിസ് മെസേജും ഗൂഗിള്‍ ക്രോമില്‍ നിന്നുള്ള അശ്ലീല വിഡിയോയും ഉപയോഗിച്ചാണ് ഇരയെ വലയിലാക്കിയത്. തുടര്‍ന്ന് കേസ് ഒതുക്കാന്‍ കൈക്കൂലി വേണം എന്ന് പറഞ്ഞു ഇന്‍സ്പെക്ടറുടെ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ചു 45000രൂപ പ്രതിയുടെ അക്കൗണ്ടിലേക്ക് ഭീഷണിപ്പെടുത്തി ട്രാന്‍സ്ഫര്‍ ചെയ്യിപ്പിക്കുകയായിരുന്നു. ടെലികമ്യൂണിക്കേഷന്‍ ഇന്‍സ്പെക്ടര്‍ ഗിര്ജിത്തിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഗൂഗിള്‍ പേ ട്രാന്സാക്ഷന് ഐഡിയും മൊബൈല്‍ നമ്പറും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
സൈബര്‍ പോലീസ് എസ്ഐ വിനോദന്‍, എസ്.സി.പിഒമാരായ രൂപേഷ് പി, കെ.എം.വിജു, സിപിഒമാരായ ഷിബിന്‍.ആര്, ശരത് ചന്ദ്രന്, ശ്രീനേഷ്.എം, അനൂപ് വാഴയില്‍ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.