കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിനായി ജില്ലയില്‍ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രിക സമര്പണം തുടങ്ങി. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം എസ്യുസിഐ സ്ഥാനാര്‍ഥി ഡോ. എം.ജ്യോതിരാജ് ആദ്യ ദിവസമായ വ്യാഴാഴ്ച പത്രിക നല്കി. വരണാധികാരിയായ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് മുമ്പാകെയാണ് പത്രിക നല്‍കിയത്.
സ്ഥാനാര്‍ഥിക്ക് നേരിട്ടോ പിന്തുണയ്ക്കുന്നയാള്‍ക്കോ നാമനിര്‍ദ്ദേശ പത്രിക നല്‍കാവുന്നതാണ്. വരണാധികാരിക്കോ പ്രത്യേകം നിശ്ചയിക്കപ്പെട്ട ഉപവരണാധികാരിക്കോ ആണ് പത്രിക നല്‍കേണ്ടത്.
കോഴിക്കോട് മണ്ഡലത്തിന്റെ വരണാധികാരി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗും ഉപവരണാധികാരി സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്.മീണയുമാണ്.
എഡിഎം കെ.അജീഷാണ് വടകര മണ്ഡലത്തിന്റെ വരണാധികാരി. ഉപവരണാധികാരി വടകര ആര്‍ഡിഒ പി.അന്‍വര്‍ സാദത്ത്. കലക്ടറേറ്റില്‍ വെച്ചാണ് ഇരു മണ്ലങ്ങളിലേക്കുമുള്ള പത്രികകള്‍ സ്വീകരിക്കുന്നത്.
രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. അവസാന തീയതി ഏപ്രില്‍ നാല്. നെഗോഷ്യബിള്‍ ഇന്‍സട്രുമെന്റ്സ് ആക്ട് പ്രകാരം അവധി ദിനങ്ങളായ മാര്‍ച്ച് 29, 31, എപ്രില്‍ ഒന്ന് തീയതികളില്‍ പത്രിക സ്വീകരിക്കല്‍ ഉണ്ടാകില്ല. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ്.