വടകര: കിടപ്പിലായ കുട്ടികള്‍ക്ക് വീടുകളില്‍ ഡയപ്പര്‍ എത്തിക്കാന്‍ വടകര ബിആര്‍സി ആരംഭിക്കുന്ന ഡയപ്പര്‍ ബാങ്കിലേക്ക് സംഭാവന നല്കി അറക്കിലാട് സരസ്വതി വിലാസം എല്‍പി സ്കൂളിലെ കുട്ടികള്‍ മാത്യകയായി. സമ്പാദ്യ കുടുക്ക തുറന്നാണ് പണം നല്‍കിയത്.
ജെആര്‍സിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കനിവ് പാലിയേറ്റീവ് ക്ലബ്ബിലേക്ക് കുട്ടികള്‍ ആഴ്ചതോറും നല്കുന്ന തുക സ്കൂളിലെ സമ്പാദ്യ കുടുക്കയില്‍ സൂക്ഷിച്ച് വര്‍ഷാവസാനം പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാറുണ്ട്. ഈ വര്‍ഷത്തെ സമ്പാദ്യ കുടുക്ക പൊട്ടിച്ചാണ് കുട്ടികള്‍ ഡയപ്പര്‍ ചാലഞ്ചില്‍ പങ്കാളികളായത്. സ്കൂളില്‍ നടന്ന ചടങ്ങില്‍ ഹെഡ്മിസ്ട്രസ് എസ്. സതിയില്‍ നിന്ന് ബിആര്‍സിയിലെ ഷൈജു തുക ഏറ്റുവാങ്ങി.