തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍രാജിന്റെ മരണത്തില്‍ ദേശീയ പട്ടികജാതി കമ്മീഷന്‍ അന്വേഷണത്തിന്
ഉത്തരവിട്ടു. അഞ്ചു ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന ഡിജിപിയോട് കമ്മീഷന്‍ നിര്‍ദേശിച്ചു. അധ്യാപകരില്‍ നിന്ന് കടുത്ത മാനസിക പീഡനവും ക്രൂരമായ ജാതി അധിക്ഷേപവുമാണ് നിതിന്‍ നേരിട്ടതെന്നാണ് വിവരം. ജാതി, നിറം, മാതാപിതാക്കളുടെ തൊഴില്‍, അസുഖം എന്നിവയുടെ പേരില്‍ അധ്യാപകര്‍ കളിയാക്കിയതും ഭീഷണിപ്പെടുത്തിയതും വ്യക്തമാക്കി നിതിന്‍ സഹപാഠികള്‍ക്കയച്ച ശബ്ദസന്ദേശം പുറത്തുവന്നു. ‘പുഴുത്ത പട്ടിയെന്നും തെരുവ് പട്ടിയെന്നും’ വിളിച്ച് അധിക്ഷേപിച്ചു. ജാതിയുടെയും നിറത്തിന്റെയും പേരില്‍ കളിയാക്കി. കൈയും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞതായും സ്റ്റാഫ് റൂം കൂട്ടത്തോടെ ആക്രമിക്കുന്ന സ്ഥലമെന്നും
സന്ദേശത്തിലുണ്ട്. സംഭവത്തില്‍ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അധ്യാപക ഡോ. സംഗീത നമ്പ്യാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസും എടുത്തിട്ടുണ്ട്. പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന വകുപ്പും ഉള്‍പ്പെടുത്തിയതായി കണ്ണൂര്‍ സിറ്റി പോലീസ് കമീഷണര്‍ പി.നിധിന്‍രാജ് അറിയിച്ചു. വെള്ളിയാഴ്ച ഉച്ചവരെ ക്ലാസിലുണ്ടായിരുന്ന നിതിനെ ഉച്ചയ്ക്കുശേഷമാണ് കോളേജ് റിസപ്ഷനുപിന്നിലെ തറയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മൂന്നരയോടെ മരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച രാവിലെ ഏഴിന് തിരുവനന്തപുരം കൊറ്റാമലയിലെ വാടക വീട്ടില്‍ എത്തിച്ച നിധിന്റെ മൃതദേഹം കുന്നുനടയിലെ കുടുംബ വീടിനുസമീപം പകല്‍ ഒന്നരയോടെ സംസ്‌കരിച്ചു.















